ശ്രീകണ്ഠപുരം: പൊട്ടന്‍പ്ലാവില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് പട്ടാപ്പകല്‍ കവർന്നു. മിനിറ്റുകള്‍ക്കകം ചെമ്പേരിയില്‍ വെച്ച് ബൈക്ക് സഹിതം മോഷ്ടാവ് പിടിയിലായി.
പൊട്ടന്‍പ്ലാവ് സ്വദേശിയും തളിപ്പറമ്പില്‍ സ്വകാര്യ കോളജ് അധ്യാപകനുമായ ശ്രീജിത്തിെൻറ ബൈക്കാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് കളവുപോയത്. വീടിന് മുന്നിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു. പൊട്ടന്‍പ്ലാവിലെ ജെസിന് ഡൊമിനിക്കാണ് ഇവിടെ നിന്ന് ബൈക്കെടുത്ത് മുങ്ങിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കുടിയാന്മല പൊലീസ് മോഷ്ടാവിനെ കണ്ടെത്താന്‍ നടപടി തുടങ്ങി.
ചെമ്പേരി ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് മാത്യു വരമ്പകത്ത്, സി.പി.ഒ സനൂജ് എന്നിവരടക്കം വിവിധ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. ചെമ്പേരി ടൗണിലേക്ക് അമിതവേഗതയില്‍ ബൈക്കില്‍ ജെസിന് ഡൊമിനിക് വരുന്നതുകണ്ട് നാട്ടുകാരുടെ സഹായത്തോടെ തടയാന്‍ ശ്രമിച്ചു. എന്നാല്‍, തടയാന്‍ ശ്രമിച്ചവരെ ഇടിച്ചുതെറിപ്പിക്കാന്‍ യുവാവ് ശ്രമിച്ചതോടെ മറ്റൊരു ബൈക്ക് കുറുകെയിട്ടാണ് പിടികൂടിയത്.
ജെസിന് ഡൊമിനിക് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രീജിത്തിെൻറ ബൈക്ക് മോഷ്ടിക്കുന്നതിനുമുമ്പ് മറ്റ് രണ്ട് ബൈക്കുകള്‍ ജെസിന് മോഷ്ടിച്ചിരുന്നു. എന്നാല്‍, രണ്ട് ബൈക്കുകളും ഉപേക്ഷിച്ചു. ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷം ജെസിനെ ലഹരി വിമുക്തകേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.