ശ്രീകണ്ഠപുരം: മലയോര മേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ആശ്രയമായ ചെങ്ങളായി പഞ്ചായത്തിലെ ചുഴലി തട്ടേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് രോഗികളെ വലക്കുന്നു. ജീർണാവസ്ഥയിലുള്ള ആശുപത്രി കെട്ടിടത്തിൽ സ്ഥല സൗകര്യം പരിമിതമാണ്. ഗ്രാമീണമേഖലയിൽ പ്രാഥമികരോഗ്യ കേന്ദ്രങ്ങൾ കാലത്തിനൊത്ത് മാറുമ്പോൾ ചുഴലി പി.എച്ച്.സിയോട് അവഗണന മാത്രം. പേരിൽ പ്രാഥമികാരോഗ്യ കേന്ദ്രമാണെങ്കിലും റൂറൽ ഡിസ്പൻസറിയുടെ സൗകര്യങ്ങൾ പോലും ഇവിടെയില്ലെന്ന് നാട്ടുകാർ പറയുന്നു.
വളക്കൈ - ചെമ്പന്തൊട്ടി റോഡരികിലെ തട്ടേരിയിൽ ഒരേക്കർ സ്ഥലത്താണ് പി.എച്ച്.സി കെട്ടിടമുള്ളത്. വർഷങ്ങൾക്ക് മുമ്പ് അരയാക്കിൽ കുഞ്ഞിരയരപ്പൻ നമ്പ്യാർ സൗജന്യമായി നൽകിയ സ്ഥലമാണിത്. ചെങ്ങളായി പഞ്ചായത്തിന് കീഴിൽ രണ്ട് ആശുപത്രികളാണുള്ളത്. ചെങ്ങളായി കുടുംബാരോഗ്യ കേന്ദ്രവും ചുഴലി തട്ടേരിയിലെ പി.എച്ച്.സിയും. ആദ്യം ചുഴലിയിലേത് റൂറൽ ഡിസ്പെൻസറിയായിരുന്നു.
പിന്നീടാണ് പി.എച്ച്.സിയായി ഉയർത്തിയത്. തുടക്കത്തിലുള്ള കെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും പി.എച്ച്.സി പ്രവർത്തിക്കുന്നത്. നിലവിൽ ഒരു ഡോക്ടർ, ഒരു ഫാർമസിസ്റ്റ്, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, മൂന്ന് പബ്ലിക് ഹെൽത്ത് നഴ്സ്, ഒരു നഴ്സിങ് അസിസ്റ്റന്റ്, ഒരു അറ്റൻഡർ, ഒരു പാർട് ടൈം സ്വീപ്പർ എന്നിവർ മാത്രമാണ് ഇവിടെയുള്ളത്. സ്റ്റാഫ് നഴ്സ് തസ്തികയും പ്യൂൺ തസ്തികയും അനുവദിച്ചിട്ടില്ല.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അനുവദിക്കേണ്ട സ്റ്റാഫ് പാറ്റേൺ പ്രകാരം ഡോക്ടർമാരുടെയും മറ്റു പാരാ മെഡിക്കൽ സ്റ്റാഫിന്റെയും തസ്തികകൾ പുതുതായി അനുവദിക്കേണ്ടതുണ്ട്. ഇതും ഇവിടെ അനുവദിച്ചിട്ടില്ല. ഒരു ഡോക്ടറുടെ സേവനം മാത്രം ഉള്ളതിനാൽ ജനങ്ങൾ പ്രയാസപ്പെടുകയാണ്.
കുടുംബാരോഗ്യ കേന്ദ്രമാക്കണം
കുടുംബാരോഗ്യ കേന്ദ്രമാക്കി പദവി ഉയർത്തുന്ന ആശുപത്രികളുടെ പട്ടികയിൽ ഈ പി.എച്ച്.സി ഉണ്ടെങ്കിലും തുടർനടപടികളൊന്നും ആയിട്ടില്ല. പുതുതായി കെട്ടിടം പണിയുന്നതിന് ചെങ്ങളായി ഗ്രാമപ്പഞ്ചായത്ത് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുഖേന പദ്ധതി സമർപ്പിട്ടുണ്ടെങ്കിലും ലഭ്യമായിട്ടില്ല.
ഇപ്പോൾ 12 ലക്ഷം ചെലവിട്ട് ചെങ്ങളായി പഞ്ചായത്ത് ശൗചാലയ കോംപ്ലക്സ് പണിയുന്നുണ്ട്. പഞ്ചായത്തിലെ ഒന്ന് മുതൽ ഏഴുവരെയുള്ള വാർഡുകളും 17, 18 വാർഡുകളുമാണ് ഇതിന്റെ പരിധിയിൽ വരിക.
മലയോര മേഖലയിലെ രോഗികൾക്ക് പ്രയോജനപ്പെടുത്തക്ക രീതിയിൽ ചുഴലി പി. എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതിയ കെട്ടിടം പണിയാൻ 1.40 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിന് നൽകിയിട്ടും അനുകൂല നടപടി വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.