ശ്രീകണ്ഠപുരം: നേതാക്കൾ നോക്കിനിൽക്കെ യു.ഡി.എഫ് യോഗത്തിൽ തമ്മിലടി. പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശ്രീകണ്ഠപുരത്ത് ചേർന്ന ഇരിക്കൂർ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പ്രവർത്തകരും നേതാക്കളും തമ്മിലടിച്ചത്.
ശനിയാഴ്ച വൈകീട്ട് ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിന് പരിസരത്താണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പ് കൺവെൻഷനുശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത ഉടനെ സംഘർഷമുണ്ടാകുകയായിരുന്നു. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്ഥാനാർഥി കെ. സുധാകരൻ, മുൻ മന്ത്രി കെ.സി. ജോസഫ്, റോജി ജോൺ എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ എന്നിവർ പങ്കെടുത്തിരുന്നു. നേതാക്കൾ നോക്കിനിൽക്കെയാണ് വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടായത്.
കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളെ യോഗങ്ങളുടെയും പ്രവർത്തനത്തിന്റെയും വിവരംപോലും നൽകാതെ അവഗണിക്കുകയാണെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. എ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളെയാണ് അവഗണിക്കുന്നതെന്നാണ് ആരോപണം. സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഇരിക്കൂറിലെ മൂന്നാം ഗ്രൂപ്പാണ് അവഗണനക്കു പിന്നിലെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. ഇരിക്കൂറിൽ എ ഗ്രൂപ്പിനാണ് മുൻതൂക്കം.
എന്നാൽ, കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട മൂന്നാം ഗ്രൂപ് സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഇരിക്കൂറിൽ സജീവമാണ്. തെരഞ്ഞെടുപ്പ് ആയതോടെ ഐ ഗ്രൂപ്പും മൂന്നാം ഗ്രൂപ്പും ഒപ്പംകൂടി നേതാക്കളെയും പ്രവർത്തകരെയും പാടെ അവഗണിച്ചതാണ് സംഘർഷത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.