ശ്രീകണ്ഠപുരം: പൊതുമരാമത്ത് റോഡ് വികസന പ്രവൃത്തിക്കായി അശാസ്ത്രീയമായി കുന്നിടിച്ചതിനെതിരെ പരാതി നൽകിയ ഗൃഹനാഥൻ വീട്ടുമുറ്റത്തുനിന്ന് മണ്ണിടിഞ്ഞ് കാൽ തെന്നി റോഡിലേക്ക് വീണ് മരിച്ചു. ശ്രീകണ്ഠപുരം വയക്കരയിലെ ഇടച്ചേരി ഗംഗാധരന് നമ്പ്യാരാണ് (78) മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിൽ ചികിത്സക്കിടെയായിരുന്നു മരണം.
കഴിഞ്ഞ 23ന് ഉച്ചയോടെയായിരുന്നു അപകടം. കണിയാര്‍വയല്‍-കാഞ്ഞിലേരി-ഉളിക്കൽ റോഡ് പ്രവൃത്തിക്കായി ഗംഗാധരെൻറ വീട്ടുമുറ്റത്തിെൻറ പകുതിയോളം യന്ത്രമുപയോഗിച്ച് കുന്നിടിച്ച് മണ്ണെടുത്തിരുന്നു. പത്തു മീറ്റർ താഴ്ചയിൽ മണ്ണെടുത്തതോടെ ഇദ്ദേഹത്തിെൻറ വീട് അപകടാവസ്ഥയിലായി. വീട്ടിലേക്ക് കയറാനുള്ള വഴിയും ഇല്ലാതായി. ഇതിനെതിരെ ഗംഗാധരന് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഉടൻ ശാസ്ത്രീയമായ ഭിത്തിയും വീട്ടിലേക്ക് കയറാനുള്ള വഴിയും ഒരുക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. പിന്നീട് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മാണം ആരംഭിച്ചിരുന്നുവെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
വീട്ടിലേക്ക് കയറാനുള്ള വഴിയും ഒരുക്കിക്കൊടുത്തില്ല. 23ന് ഉച്ചക്ക് മുറ്റത്തുനിന്ന് മണ്ണിടിഞ്ഞ് കാല് തെന്നി റോഡിലേക്ക് വീഴുകയായിരുന്നു. താഴ്ചയിലേക്ക് വീണതോടെ ഗംഗാധരെൻറ വാരിയെല്ലുകൾ തകരുകയും തലക്ക് ക്ഷതമേൽക്കുകയും ചെയ്തു. രക്തത്തിൽ കുളിച്ച നിലയിൽ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആന്തരിക രക്തസ്രാവം നിലക്കാത്തതിനാൽ പിന്നീട് പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെയോടെ മരിച്ചു.
ഭാര്യ: പത്മാവതി. മക്കള്‍: ഷൈജ (നഴ്സ്, കണ്ണൂര്‍), ഷൈമ (പരിപ്പായി). മരുമക്കൾ: വിമൽ (എടക്കാട്), മനോജ് പരിപ്പായി (ലളിതകല അക്കാദമി ആർട്ട് ഗാലറി, പയ്യന്നൂർ). സഹോദരങ്ങൾ: കുഞ്ഞമ്പു നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, രഘുനാഥൻ നമ്പ്യാർ, പ്രേമജ, സുമതി, പരേതരായ നാരായണൻ, ഗോവിന്ദൻ, ഭാസ്കരൻ, പത്മിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.