ശ്രീകണ്ഠപുരം: 2019ൽ ശ്രീകണ്ഠപുരം മേഖലയെ മുഴുവൻ മുക്കിയ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ശിഹാബ് തങ്ങൾ വില്ലേജ് നിർമിക്കുകയാണ് പഴയങ്ങാടി ശാഖ മുസ്ലിം ലീഗും ഗ്ലോബൽ കെ.എം.സി.സിയും.പ്രളയ പുനരധിവാസ പ്രവർത്തനത്തിെൻറ ഭാഗമായി പഴയങ്ങാടിയിൽ വീട് പൂർണമായും നശിച്ചവർക്ക് ഫ്ലാറ്റ് രീതിയിൽ താമസസൗകര്യം ഒരുക്കിനൽകുകയാണ് ഇവർ. പ്രളയത്തിൽ മൂന്നുദിവസം ഒറ്റപ്പെട്ടുപോയ ശ്രീകണ്ഠപുരം മേഖലയിൽ 50ലധികം വീടുകൾ നഷ്ടപ്പെട്ടിരുന്നു.
തുടർന്നാണ് പഴയങ്ങാടി ശാഖ മുസ്ലിം ലീഗും ഗ്ലോബൽ കെ.എം.സി.സിയും ചേർന്ന് വീട് നഷ്ടപ്പെട്ടവർക്കായി പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്. തകർന്ന വീടുകൾ നവീകരിച്ച് നൽകാനാണ് ആദ്യം ആലോചിച്ചത്. എന്നാൽ, വീടുകൾ നഷ്ടപ്പെട്ടവരിൽ പലരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവരായതിനാൽ വീണ്ടും വെള്ളം കയറാനുള്ള സാധ്യത മുന്നിൽക്കണ്ട് ശ്രമം ഉപേക്ഷിച്ചു.
പിന്നീട്, വീട് നഷ്ടപ്പെട്ടവർക്കായി സുരക്ഷിത സ്ഥലത്ത് സൗകര്യമൊരുക്കാൻ ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. ഇതാണ് ശിഹാബ് തങ്ങൾ വില്ലേജ് റിഹാബിലിറ്റേഷൻ ആൻഡ് എജുക്കേഷനൽ സെൻറർ എന്ന പദ്ധതിയിലെത്തിയത്.
പഴയങ്ങാടി ബദരിയ നഗറിൽ 12 സെൻറ് സ്ഥലം വാങ്ങി പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ചെമ്പന്തൊട്ടി സ്വദേശികളായ സഹോദരങ്ങളാണ് പദ്ധതിക്ക് സ്ഥലം ചെറിയ തുകക്ക് നൽകിയത്. പഴയങ്ങാടിയിൽ നിന്ന് സമാഹരിച്ച 13 ലക്ഷം രൂപ കൊണ്ട് നിർമാണം തുടങ്ങി.
ശേഷം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഉദാരമതികളും ചാരിറ്റി സംഘടനകളും സഹായം നൽകി. ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയും സഹായവുമായി വന്നു. ഭാരവാഹികളായ എൻ.പി. റഷീദ്, വി.കെ. നജീബ് എന്നിവരുടെ നേതൃത്വത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് സമാഹരിച്ച് ഒന്നാംഘട്ട നിർമാണം നടത്താനുള്ള തുക കണ്ടെത്തി. ആദ്യഘട്ടത്തിൽ രണ്ട് നിലകളിലായി നാല് കുടുംബങ്ങളെയാണ് ശിഹാബ് തങ്ങൾ വില്ലേജിൽ പുനരധിവസിപ്പിക്കുന്നത്.
ഇവർക്കായി രണ്ട് കിടപ്പുമുറികളുള്ള നാല് ഫ്ലാറ്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിനോടൊപ്പം വനിതകെളയും യുവജനങ്ങളെയും കേന്ദ്രീകരിച്ചുള്ള തൊഴിൽ പരിശീലന കേന്ദ്രവും വിദ്യാഭ്യാസ പരിശീലന കേന്ദ്രവും ഒരുക്കുന്നുണ്ട്. 70 ലക്ഷം രൂപ ചെലവിലാണ് ആദ്യഘട്ടം പൂർത്തിയാക്കുക.
കഴിഞ്ഞവർഷം പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ് നിർവഹിച്ചത്. പാണക്കാട് മുഹീനലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തി. സമസ്ത സെക്രട്ടറി പി.പി. ഉമ്മർ മുസ്ലിയാർ കട്ടില വെക്കൽ നടത്തി. ഇവിടേക്കുള്ള വൈദ്യുതി ലൈൻ പ്രവൃത്തിയും കുടിവെള്ളവും പൂർത്തിയായി. ഒന്നാംനിലയുടെ നിർമാണവും പുരോഗമിക്കുകയാണ്. 2021ൽ ശിഹാബ് തങ്ങൾ വില്ലേജിെൻറ ഒന്നാം ഘട്ടം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.