ശ്രീകണ്ഠപുരം: കുരങ്ങുശല്യത്തിൽ വലഞ്ഞ് മലപ്പട്ടത്തെ ജനങ്ങൾ. രാപ്പകൽ ഭേദമന്യേ പതിവായി കൂട്ടത്തോടെ ഇറങ്ങുന്ന കുരങ്ങുകൾ കർഷകരുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുകയാണ്. ചൂളിയാട് കടവ്, ചെപ്പന കൊഴുമ്മൽ, തേക്കിൻകൂട്ടം, മുനമ്പ്, കത്തിയണക്ക്, കുരുളോളി, ഇഡൂൽ, കാനം, കാപ്പാട്ടുകുന്ന്, കുപ്പം, കൊവുന്തല മേഖലകളിലാണ് ശല്യം രൂക്ഷമായിട്ടുള്ളത്.
പല സ്ഥലങ്ങളിലെയും തെങ്ങിൻ തോപ്പുകൾ പൂർണമായും കുരങ്ങുകളുടെ നിയന്ത്രണത്തിലാണ്. കരിക്ക്, വാഴക്കുല, പുളി, പപ്പായ, കൈതച്ചക്ക, പാഷൻ ഫ്രൂട്ട്, പേരക്ക, സപ്പോട്ട, ചേന, ചേമ്പ്, പച്ചക്കറികൾ തുടങ്ങി എല്ലാ വിളകളും ഇവ നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. പല വിളകളും മൂപ്പെത്തുന്നതിന് മുന്നേ പറിച്ചെറിയുകയാണ്. തെങ്ങിൻ തോപ്പുകളിലാണ് ഇവ കൂടുതലായും അലഞ്ഞു തിരിയുന്നത്. ഇളനീരുകളും തേങ്ങകളുമെല്ലാം കൂട്ടമായെത്തി പറിച്ചെറിഞ്ഞ് നശിപ്പിക്കുന്നു. പല തെങ്ങുകളുടെയും വിരിയാറായ കൂമ്പുകൾ വരെ വാനരക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആദായം ലഭിക്കാതെ നെട്ടോട്ടമോടുകയാണ് കർഷകർ.
പ്രദേശത്തെ വീടുകളിലെത്തുന്ന കുരങ്ങുകൾ അടുക്കളയിൽ കയറി ഭക്ഷണ സാധനങ്ങളെടുത്ത് തിന്നുകയും നശിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകളെയും കുട്ടികളെയും അക്രമിച്ച സംഭവമുണ്ടായിട്ടുണ്ട്. വീടുകളിലെ ഓടുകൾ എറിഞ്ഞ് നശിപ്പിക്കുന്ന അവസ്ഥയുമുണ്ട്. കഴിഞ്ഞ ദിവസം ചൂളിയാട് ബസ് സ്റ്റോപ്പിന് സമീപം പാറമ്മൽ അഷ്റഫിന്റെ വീടിന്റെ ഓടുകൾ കുരങ്ങുകൾ തകർത്തു. ഇതോടെ പലരും വീടിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടേണ്ട ഗതികേടിലാണ്.
റബർത്തോട്ടത്തിലെ ചിരട്ടകളും പാലും നശിപ്പിക്കുന്നതിനാൽ റബർ കർഷകരും ദുരിതത്തിലാണ്. വാഹനങ്ങൾക്കു നേരെയും കുരങ്ങുകളുടെ അക്രമണമുണ്ടാകുന്നുണ്ട്. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ നശിപ്പിച്ച സംഭവവുമുണ്ടായി. കുരങ്ങുകൾ ഉണ്ടാക്കുന്ന നാശത്തിന് നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. കുരങ്ങു ശല്യം തടയാൻ അഞ്ച് വർഷം മുമ്പ് കുരുളോളി, കാനം ഭാഗങ്ങളിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. കുരുങ്ങു ശല്യത്തിനെതിരെ അധികൃതർക്ക് പരാതി നൽകി മടുത്ത കർഷകർ ഇനിയെന്ത് ചെയ്യുമെന്നാണ് ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.