ശ്രീകണ്ഠപുരം: സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ നടുവിൽ താഴെ വിളക്കന്നൂരില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കരുവന്‍ചാല്‍ ചാണോക്കുണ്ട് സ്വദേശി കല്ലേന്‍ഹൗസില്‍ കെ.ജെ സജിത്തി (33) നെയാണ് കുടിയാന്മല എസ്.എച്ച്.ഒ കെ.എന്‍ ഹരിക്കുട്ടന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ വി.ഡി റോയിച്ചന് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പാണ് ചുമത്തിയത്.
കഴിഞ്ഞ 29ന് രാവിലെ ഒമ്പത് മണിയോടെ നടുവില്‍ പഞ്ചായത്ത് പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്കൂളിലേക്ക് നടന്നുപോകുമ്പോഴാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. സ്കൂട്ടറിലെത്തിയയാള്‍ പെണ്‍കുട്ടിയോട് കണ്ണാടിപ്പാറയിലേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തപ്പോള്‍ സ്കൂട്ടറുമായി മുന്നോട്ടുപോയ ഇയാള്‍ പെട്ടെന്ന് തിരികെ വന്ന് പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മറ്റൊരു വാഹനം വരുന്ന ശബ്ദംകേട്ട് ഇയാൾ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സൂചന ലഭിച്ചിരുന്നില്ല. സംഭവം നടന്ന സ്ഥലത്തോ പരിസരത്തോ നിരീക്ഷണ കാമറകളുണ്ടായിരുന്നില്ല. തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്കി. ഇവർ സംഭവ സ്ഥലം മുതല്‍ 30 കിലോമീറ്റര്‍ അകലെ മയ്യില്‍ വരെയുള്ള പ്രദേശത്തെ നിരവധി സി.സി.ടി.വി കാമറകള്‍ പരിശോധിച്ചു. കാസർകോട് ഒരു ഹോട്ടലില്‍ സപ്ലൈയറായി ജോലി ചെയ്തുവരുകയാണ് സജിത്ത്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സംഘം കാസർകോട്ടുവെച്ചാണ് ഇയാളെ പിടികൂടിയത്. സീനിയര്‍ സി.പി.ഒമാരായ ജാബിര്‍, സുജേഷ്, മഹേഷ്, രഞ്ജിത്ത്, സി.പി.ഒമാരായ അബ്ദുള്‍സലീം, പ്രമോദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.