ശ്രീകണ്ഠപുരം: കർണാടക അതിർത്തിയിൽ കാഞ്ഞിരക്കൊല്ലി ചിറ്റാരിയിൽ നേരത്തേയും മാവോവാദി സാന്നിധ്യം. 2013ലാണ് നേരത്തേ മാവോവാദികൾ വനമേഖല വഴി എത്തിയത്. നിലവിലെ ഊരുമൂപ്പൻ ചിറ്റാരിയിലെ കായലോടൻ കേളപ്പന്റെ വീട്ടിലാണ് 2013ൽ ഇവരെത്തിയത്. അന്ന് തോക്കുമേന്തിയെത്തിയവരെ കണ്ട് പലരും ഭയന്നു.
എന്നാൽ പണം നൽകി ഭക്ഷ്യസാധനങ്ങൾ വാങ്ങിയ ശേഷം, തങ്ങൾ ഒന്നും ചെയ്യില്ലെന്ന് ഇവർ ഉറപ്പ് നൽകുകയായിരുന്നു. പിന്നീട്, ലഘുലേഖകൾ വിതരണംചെയ്താണ് മടങ്ങിയത്. വിവരമറിഞ്ഞ് അന്ന് പൊലീസ് സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 10 വർഷത്തിനിപ്പുറം വീണ്ടും അതേ പ്രദേശത്ത് മാവോവാദികൾ എത്തിയത് അപ്രതീക്ഷിതമായി.
ഏറെ നാളായി വനമേഖലയിൽ കഴിഞ്ഞ സംഘം, ആനയുടെ ആക്രമണത്തിനിരയായതോടെയാണ് ജനവാസ മേഖലയിലെത്തിയത്. തങ്ങളുടെ കൂട്ടത്തിലുള്ള സുരേഷിന് ആനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റതോടെ ഗത്യന്തരമില്ലാതെയാണ് മാവോവാദി സംഘം ചപ്പിലി കൃഷ്ണന്റ വീട്ടിലെത്തിയത്.
ഈ സമയം കൃഷ്ണനും ഭാര്യ ജാനകിയും അമ്മ ചിരുതയുമാണ് വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലാക്കണമെന്നും തങ്ങൾ നിങ്ങളെ ഉപദ്രവിക്കില്ലെന്നും തോക്കുചൂണ്ടിയെത്തിയ സംഘം പറഞ്ഞു. കുട്ടത്തിലെ സ്ത്രീ 1000 രൂപ നൽകി ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ ആവശ്യപ്പെട്ടു. സാധനങ്ങളുടെ പട്ടികയും നൽകി. പിന്നീട് ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് സംഘം വനത്തിലേക്ക് തിരികെപ്പോയെന്നും തുടർന്നാണ് അധികൃതരെ വിവരമറിയിച്ച് സുരേഷിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചതെന്നും കൃഷ്ണൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.