ശ്രീകണ്ഠപുരം: നഗരസഭ ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റിയതോടെ ഓഫിസ് പ്രവർത്തനം അവതാളത്തിൽ. നിലവിൽ നഗരസഭ ഓഫിസിൽ ജോലി ചെയ്യാൻ ആളില്ലാത്ത അവസ്ഥയാണ്. അഞ്ച് എൽ.ഡി ക്ലർക്കുമാരെയും രണ്ട് യു.ഡി ക്ലർക്കുമാരെയുമാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരെല്ലാം സെപ്റ്റംബർ 10ന് മുമ്പ് പുതിയ സ്ഥലത്ത് എത്താനാണ് നിർദേശം. ശ്രീകണ്ഠപുരം നഗരസഭയിൽ ആകെയുണ്ടായിരുന്ന അഞ്ച് എൽ.ഡി ക്ലർക്കുമാരെയും സ്ഥലം മാറ്റിയിട്ടുണ്ടെങ്കിലും പകരം ആരെയും നിയമിച്ചിട്ടില്ല. യു.ഡി ക്ലർക്കുമാരിൽ രണ്ട് പേരെ സ്ഥലം മാറ്റിയപ്പോൾ പകരം ഒരാളെ നിയമിച്ചിട്ടുണ്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ അവധിയിൽ പ്രവേശിച്ചു.
നഗരസഭ ഓഫിസിലെ മറ്റ് തസ്തികകളിലും ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ റവന്യു ഇൻസ്പെക്ടർ വിരമിച്ചശേഷം പുതിയ ആളെ നിയമിച്ചിട്ടില്ല. ഓഫിസിലെ മറ്റൊരു ജീവനക്കാരനാണ് റവന്യു ഇൻസ്പെക്ടറുടെ ജോലിയെടുക്കുന്നത്. ധാരാളം ഫയലുകൾ കൈകാര്യം ചെയ്യേണ്ട എൻജിനീയറിങ് വിഭാഗത്തിൽ മൂന്ന് ഓവർസീയർമാരുടെ ഒഴിവിലും ജീവനക്കാരില്ല.
ആരോഗ്യ വിഭാഗത്തിൽ മാത്രമാണ് ഇപ്പോൾ ആവശ്യത്തിന് ജീവനക്കാരുള്ളത്. 30 വാർഡുകളിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിൽ എത്തുന്ന ജനങ്ങൾ ദുരിതത്തിലാണ്. കെട്ടിട നിർമാണ പെർമിറ്റിനും മറ്റുമായി എൻജിനീയറിങ് വിഭാഗത്തിലും ദിവസവും നിരവധി പേരെത്തുന്നുണ്ട്. പദ്ധതി നടത്തിപ്പ് ഉൾപ്പെടെ നിരവധി ജോലികൾ പൂർത്തിയാക്കാനുള്ളപ്പോൾ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഉള്ളവരെ സ്ഥലം മാറ്റിയതും ദുരിതം ഇരട്ടിപ്പിച്ചെന്ന് നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.