ഫോൺ വാങ്ങി മുങ്ങുന്ന യുവാവിനെ തേടി പൊലീസ്

ശ്രീകണ്ഠപുരം: അമ്മയും മകളും ആശുപത്രിയിലാണെന്നും അവരെ വിളിക്കാന്‍ ഫോണ്‍ തരുമോയെന്നും ചോദിച്ചെത്തി ഫോണ്‍ വാങ്ങി മുങ്ങുന്ന പുതിയ തട്ടിപ്പ് വ്യാപകം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചുഴലി തോളൂരിലെ കുടുക്കിയാനില്‍ അബ്ദുൽ കരീമാണ് തട്ടിപ്പിനിരയായതായി കാണിച്ച് തളിപ്പറമ്പ്, ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്.

തളിപ്പറമ്പ് കോടതി റോഡിലാണ് അബ്ദുൽ കരീം തട്ടിപ്പിനിരയായത്. 40 വയസ്സ് തോന്നിക്കുന്ന യുവാവാണ് ദയനീയ ഭാവത്തില്‍ വന്ന് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയെ വിളിക്കാനെന്ന പേരില്‍ അബ്ദുൽ കരീമിന്റെ ഫോണ്‍ വാങ്ങിച്ചത്. ഫോണ്‍ ലഭിച്ചയുടന്‍ ഇയാള്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിമറയുകയായിരുന്നുവെന്ന് കരീം പറഞ്ഞു. തളിപ്പറമ്പില്‍ ഒരു സ്ത്രീയെയും സമാനരീതിയില്‍ ഇയാള്‍ തട്ടിപ്പിനിരയാക്കി.

ശ്രീകണ്ഠപുരം, തളിപ്പറമ്പ് ഭാഗങ്ങളിലെ മറ്റ് ചിലരും തട്ടിപ്പിനിരയായിട്ടുണ്ട്. വിലപിടിപ്പുള്ളതും അല്ലാത്തതുമായ നിരവധി ഫോണുകള്‍ തട്ടിപ്പുകാരന്‍ കൈക്കലാക്കിയിട്ടുണ്ട്. തട്ടിയെടുക്കുന്ന ഫോണുകളില്‍ നിന്ന് സ്ത്രീകളുടെ നമ്പര്‍ ശേഖരിച്ച ശേഷം ഫോൺ വിൽക്കുകയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. അബ്ദുൽ കരീമിന്റെ ഫോണില്‍ നിന്ന് ബന്ധുവായ സ്ത്രീയുടെ നമ്പര്‍ കൈക്കലാക്കി മറ്റൊരു ഫോണില്‍ നിന്ന് നിരന്തരം വിളിച്ചിരുന്നു.

വിളിച്ച ഫോണും ഇയാൾ തട്ടിപ്പിലൂടെ സ്വന്തമാക്കിയതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ ഫോണില്‍ നിന്നാണ് അബ്ദുൽ കരീമിന്റെ ബന്ധുവിനെ വിളിച്ചിട്ടുള്ളത്. ഫോണ്‍ മോഷ്ടാവിനെ കുടുക്കാന്‍ പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - mobile phone theft case-police investigates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.