ശ്രീകണ്ഠപുരം: തുടർച്ചയായ രണ്ടാം വർഷവും ലോക്കിൽ കുടുങ്ങി ജില്ലയിലെ മൺസൂൺ ടൂറിസം. മലയോരങ്ങളിലടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്തവണയും നിരാശയുടെ കാഴ്ചയാണുള്ളത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നടക്കം സഞ്ചാരികൾ വന്നെത്തുന്ന കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട്, വൈതൽമല തുടങ്ങി മലയോരത്തെ പ്രധാന മൺസൂൺ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ഇത്തവണയും കോവിഡ് നിയന്ത്രണങ്ങൾമൂലം സീസൺ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ വൈതൽമലയും പാലക്കയംതട്ടും ഒഴികെയുള്ള സ്ഥലങ്ങളിൽ ജൂൺ മുതൽ ഡിസംബർ വരെയാണ് കൂടുതലായും സഞ്ചാരികൾ എത്താറുള്ളത്.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് കിട്ടിയാല്‍പോലും ടൂറിസം കേന്ദ്രങ്ങള്‍ പഴയനിലക്കെത്താന് മാസങ്ങളെടുക്കും. ആളുകളുടെ ഒഴുക്കായിരുന്നു മുൻകാലങ്ങളിലെങ്കിൽ ഇത്തവണ നിശ്ചലാവസ്ഥയാണ്. മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവർ ദുരിതക്കയത്തിലായി. തുടർച്ചയായി രണ്ടാം വർഷവും ലോക്കിലായതോടെ നഷ്ടസീസണിൽ പലരും മറ്റ് ജോലികളിലേക്ക് മാറിത്തുടങ്ങി. സഞ്ചാരികൾക്ക് വിലക്കുണ്ടെങ്കിലും വൈതൽമലയിലും പാലക്കയംതട്ടിലും ഏഴരക്കുണ്ട് വെള്ളച്ചാട്ട പരിസരത്തും പ്രവേശനകവാടം വഴിയല്ലാതെ മറ്റ് ഭാഗങ്ങളിലൂടെ ആളുകളെത്തുന്നുണ്ടെന്ന പരാതിയുമുണ്ട്. ഇതിനെതിരെ കർശന നടപടിയുമായി പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്.
മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലക്കയംതട്ടും വൈതൽ മലയും വിജനമാണ്. സമുദ്രനിരപ്പില്‍നിന്ന് 4500 അടി ഉയരത്തില്‍ 4124 ഏക്കര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന വൈതല്‍മലയിൽ മഴക്കാലത്ത് ട്രക്കിങ്ങിനും മറ്റ് മഴക്കാല ക്യാമ്പുകൾക്കുമൊക്കെയായി നിരവധി പേർ എത്താറുണ്ടായിരുന്നു. മഴയുടെ നേർക്കാഴ്ചയും വെള്ളച്ചാട്ടവും ആസ്വദിക്കാനാവാത്ത സങ്കടമാണ് സഞ്ചാരികൾക്ക്. ഇവിടത്തെ ഹോം സ്റ്റേകളും റിസോർട്ടുകളും ആളില്ലാത്തതിനാൽ അടച്ചിട്ട നിലയിലാണ്.
കിഴക്കന്‍ മലയോരത്ത് സമുദ്ര നിരപ്പില്‍നിന്ന് 3500ലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പാലക്കയംതട്ടും വിജനമാണ്. ഡി.ടി.പി.സി കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണിവിടെ നടത്തിയിരുന്നത്. കഫ്റ്റീരിയ, ശൗചാലയം, വ്യൂ ടവര്‍, സോളാര്‍ ലൈറ്റുകള്‍, സാഹസിക ഗെയിം സോണ്‍, വൈകീട്ട് അഞ്ചു മുതല്‍ രാവിലെ 11വരെ താമസിക്കാന്‍ പറ്റുന്ന ഹോളിഡേ ടെൻറുകൾ തുടങ്ങിയവയാണ് എട്ട് ഏക്കർ പ്രദേശത്ത് ഒരുക്കിയത്. നടുവിൽ മണ്ഡളത്തുനിന്ന് പാലക്കയംതട്ടിലേക്ക് ഓഫ് റോഡ് ജീപ്പ് സർവിസുകളുമുണ്ടായിരുന്നു.
എന്നാൽ, കോവിഡ് പ്രതിസന്ധിമൂലം എല്ലാം നിലച്ച സ്ഥിതിയിലാണ്. ഇവിടത്തേക്ക് ജീപ്പ് സർവിസ് നടത്തിയിരുന്ന പലരും ജോലിയില്ലാതെ ദുരിതത്തിലായി. അടുത്തകാലത്തായി പാലക്കയംതട്ടിന് സമീപത്ത് നിർമിച്ച പല റിസോർട്ടുകളും സഞ്ചാരികളെത്താത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്.ദൃശ്യങ്ങളൊരുക്കി അളകാപുരിയും ഏഴരക്കുണ്ടും മഴക്കാലത്ത് മലയോര മേഖലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന പ്രധാന കേന്ദ്രങ്ങളാണ് കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടവും വൈതൽ താഴ്വരയിലെ ഏഴരക്കുണ്ട് വെള്ളച്ചാട്ടവും. ദൃശ്യവിസ്മയ വിരുന്നൊക്കുന്ന ഈ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ്. മലമുകളിൽനിന്ന് ഉത്ഭവിച്ച് പാറക്കല്ലിൽ തട്ടി താഴേക്ക് ചിതറിത്തെറിച്ചെത്തുന്ന വെള്ളച്ചാട്ടങ്ങൾ എത്ര കണ്ടാലും മതിവരില്ല. മഴ നനഞ്ഞ് മതിമറക്കാനെത്തുന്നവർക്ക് ഇത്തവണ അതെല്ലാം അന്യമായി. കോടികൾ മുടക്കി രണ്ടുവർഷം മുമ്പാണ് ഏഴരക്കുണ്ടിൽ നവീകരണ പ്രവൃത്തികൾ നടത്തിയത്. സുരക്ഷിതമായി വെള്ളച്ചാട്ടത്തിനരികിലിരുന്നും വെള്ളച്ചാട്ടത്തിെൻറ മുകളിൽ നിർമിച്ച പ്ലാറ്റ്ഫോമിൽ ഇരുന്നും സഞ്ചാരികൾക്ക് കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യങ്ങളുണ്ട്.
ജില്ലയിലെ പ്രധാന ഇക്കോ ടൂറിസ്റ്റ് മേഖലയായ കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തിെൻറ കാഴ്ചകളും സഞ്ചാരികൾക്ക് മഴക്കാലത്ത് നഷ്ടമായിരിക്കുകയാണ്. 25 ലക്ഷം രൂപ ചെലവിൽ ഇവിടെ രണ്ടുവർഷം മുമ്പാണ് നവീകരണം നടത്തിയത്. സഞ്ചാരികൾക്ക് മഴക്കാല കാഴ്ചകൾ നഷ്ടമാകുന്നതോടൊപ്പം അനുബന്ധ ജോലി ചെയ്തിരുന്നവരും തീരാദുരിതത്തിലായി. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളും റിസോർട്ടുകളും അടച്ചുപൂട്ടലിെൻറ വക്കിലായി. കോവിഡ് നിയന്ത്രണങ്ങളോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ലോക്കിൽ അടഞ്ഞുകിടക്കുന്ന വൈതലിലും പാലക്കയത്തും കാഞ്ഞിരക്കൊല്ലിയിലുമെല്ലാം അത്യപൂർവ സസ്യങ്ങളും മറ്റും തഴച്ചുവളർന്നത് ഏറെ ഗുണകരമായിട്ടുമുണ്ട്. ഒപ്പം തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ഇല്ലാതായതോടെ പ്രകൃതിയുടെ ഭംഗിയും പച്ചപ്പും ഏറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.