ശ്രീകണ്ഠപുരം: ഇക്കാലത്തും കത്തുകളെ പ്രണയിച്ച് ഒരാൾ ഇവിടെയുണ്ട്. ശ്രീകണ്ഠപുരം നിടിയേങ്ങയിലെ പുതിയപുരയിൽ രവീന്ദ്രൻ എന്ന മായാ രവിയാണ് കത്തുകൾ അയച്ചും മറുപടിയായി ലഭിച്ച കത്തുകൾ നിധി പോലെ സൂക്ഷിച്ചും ശ്രദ്ധേയനാവുന്നത്. പ്രമുഖരും സാധാരണക്കാരുമുൾപ്പെടെ എഴുതിയ കത്തുകളെല്ലാം കാലത്തെ അതിജീവിച്ച് ഇന്നും രവിയുടെ വീട്ടിലുണ്ട്. അഞ്ചു പതിറ്റാണ്ട് കാലത്തെ ഇരുപതിനായിരത്തോളം കത്തുകളാണ് രവിയുടെ ശേഖരത്തിലുള്ളത്.
അതും പല രാജ്യങ്ങളിൽ നിന്നുള്ളവ. ക്യൂബൻ വിപ്ലവകാരി ഫിദൽ കാസ്ട്രോയും എഴുത്തുകാരൻ സുകുമാർ അഴീക്കോടും അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമയും സി.പി.എം നേതാവ് പ്രകാശ് കാരാട്ടും വരെ രവിയുടെ കത്തെഴുത്തിന്റെ ഭാഗമായിരുന്നു. ഇങ്ങനെ രവി അയച്ച കത്തിന് മറുപടി അയച്ച പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ട്.ക്യൂബൻ വിപ്ലവ സൂര്യന്റെ തൂലികയിൽ 2011ൽ നീല മഷിയിൽ ലഭിച്ച മറുപടി കത്ത് ഇന്നും രവി നിധിപോലെ കാത്തുവെച്ചിട്ടുണ്ട്. കാസ്ട്രോയെ പറ്റി കേരളത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനൊപ്പം ക്യൂബയിലെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടാണ് രവി കാസ്ട്രോക്ക് കത്തയച്ചത്. ക്യൂബൻ വിശേഷങ്ങൾ അറിയിച്ചും രവിയെ അഭിനന്ദിച്ചും കൊണ്ടുള്ള മറുപടിക്കത്താണ് രവിക്ക് അന്ന് ലഭിച്ചത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമയെ അഭിനന്ദിച്ചു കൊണ്ട് രവി കത്തയച്ചിരുന്നു. എന്നാൽ, സുരക്ഷ കാരണങ്ങളാൽ പൊട്ടിക്കാൻ കഴിയില്ലെന്ന സ്റ്റിക്കർ പതിച്ച് വൈറ്റ് ഹൗസിൽ നിന്ന് കത്ത് തിരിച്ചയക്കുകയാണുണ്ടായത്.
ഒരുകാലത്ത് നിടിയേങ്ങ പോസ്റ്റ് ഓഫിസിലെ സ്ഥിരം കത്തിടപാടുകാരനായിരുന്നു രവി. കത്തുകൾ കൂടാതെ 1943 മുതലുള്ള പത്ര മാസികകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഭാര്യ ശ്രീജയും മക്കളായ അഭിഷേകും ആകർഷും എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി ഒപ്പമുണ്ട്. നിടിയേങ്ങയിലെ മായാ ലൈറ്റ് സൗണ്ട് എന്ന സ്ഥാപനം നടത്തി ഉപജീവനമാർഗം കണ്ടെത്തുന്നതിനിടെയാണ് രവി ഇത്തരം വേറിട്ട പ്രവർത്തനങ്ങളും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.