ശ്രീകണ്ഠപുരം: വേനൽ തീവ്രതയേറും മുമ്പേ കുടിനീരിനായി നെട്ടോട്ടമോടുകയാണ് ചെമ്പന്തൊട്ടി ഭൂദാൻ കോളനിയിലെ ജനങ്ങൾ. ശ്രീകണ്ഠപുരം നഗരസഭ ഒന്നാം വാർഡിലാണ് ഭൂദാൻ കോളനി. രണ്ടാഴ്ചയായി കോളനിയിലെ 19 വീടുകളിൽ കുടിവെള്ളം ലഭ്യമല്ല. സമീപത്തെ 20 കുട്ടികളുള്ള അംഗൻവാടിയിലും വെള്ളംകുടി മുട്ടിയിരിക്കുകയാണ്.
കുടിവെള്ളമെത്തിച്ചിരുന്ന കുഴൽ കിണറിൽ വെള്ളം ഇല്ലാത്തതാണ് ദുരിതത്തിന് കാരണം. ഇരിക്കൂർ ബ്ലോക്കിനു കീഴിൽ 2013-2014 വർഷത്തെ ഹാഡ പദ്ധതി പ്രകാരം നിർമിച്ച കുടിവെള്ള പദ്ധതിയാണിവിടെയുണ്ടായിരുന്നത്. ഈ പദ്ധതിയാണ് അവതാളത്തിലായത്.
നടത്തിപ്പ് ചുമതലയുള്ളവരും കോളനിവാസികളും ശ്രീകണ്ഠപുരം നഗരസഭയിൽ പരാതി അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വെള്ളമില്ലാത്തതിനാൽ കോളനി നിവാസികൾ സമീപങ്ങളിലെ വീടുകളിലുള്ള കിണറുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, കിണറ്റിലും വെള്ളമില്ലാതെയായി.
കുടിവെള്ളമെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടറെ സമീപിക്കാനൊരുങ്ങുകയാണ് ജനങ്ങൾ. പ്രത്യക്ഷ സമരപരിപാടികളും ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.