അറസ്റ്റിലായവർ
ശ്രീകണ്ഠപുരം: വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ റിസോര്‍ട്ടില്‍ അതിക്രമം നടത്തുകയും പൊലീസുകാരെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി ആക്രമിക്കുകയും ചെയ്തതിന് സൈനികര്‍ ഉള്‍പ്പെടെ ആറുപേരെ പയ്യാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മയ്യില്‍ വേളം സ്വദേശികളായ ശ്രീവത്സത്തില്‍ രൂപേഷ് (31), കൊട്ടഞ്ചേരി വീട്ടില്‍ അഭിലാഷ് (29), ഊരാട ലിതിന് (31), ഊരാട പ്രണവ് (29), ഊരാട ലിഷ്ണു (27), പുത്തന്‍പുരയില്‍ അനൂപ് (30) എന്നിവരെയാണ് പയ്യാവൂർ സി.ഐ പി. ഉഷാദേവി അറസ്റ്റ് ചെയ്തത്.നാലുപേർ സൈനികരാണ്. ഇവര്‍ സഞ്ചരിച്ച മൂന്ന് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മൂന്ന് കാറുകളിലാണ് ആറംഗ സംഘം കാഞ്ഞിരക്കൊല്ലിയിലെ റിസോര്‍ട്ടിലെത്തിയത്. പകല്‍ മുഴുവന്‍ റിസോര്‍ട്ടിലെ മുറിയില്‍ മദ്യപാനത്തിലായിരുന്നത്രെ സംഘം. രാത്രി ഒമ്പതിന് ഇവര്‍ മറ്റ് ചിലരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. കൈയാങ്കളിയിലേക്ക് നീണ്ടതോടെ റിസോര്‍ട്ട് ജീവനക്കാര്‍ ഇടപെട്ടു.
ഇതോടെ റിസോര്‍ട്ട് ജീവനക്കാര്‍ക്കുനേരെ തിരിയുകയും മാനേജർ സത്യനെ ആക്രമിക്കുകയും ചെയ്തു. റിസോര്‍ട്ടിലെ ഫര്‍ണിച്ചറുള്‍പ്പെടെ തകർത്ത് കാൽലക്ഷം രൂപയുടെ നാശമുണ്ടാക്കുകയും ചെയ്തുവത്രെ. ജീവനക്കാര്‍ പയ്യാവൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ കെ.കെ. രാമചന്ദ്രന്, സീനിയര്‍ സി.പി.ഒ സൂരജ്, സി.പി.ഒ ദീപു എന്നിവര്‍ സ്ഥലത്തെത്തിയതോടെ ഇവര്‍ പൊലീസുകാര്‍ക്കുനേരെ തിരിഞ്ഞു. പൊലീസുകാരേക്കാളും വലിയവരാണ് തങ്ങളെന്നുപറഞ്ഞ് ഇവരെ മുറിയില്‍ പൂട്ടിയിടുകയും വടിയും മറ്റും ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു.
ശ്രീകണ്ഠപുരം പൊലീസിന് വിവരം കൈമാറിയതോടെ സി.ഐ ഇ.പി. സുരേശെൻറ നേതൃത്വത്തിലെത്തിയ സംഘമാണ് പൊലീസുകാരെ മോചിപ്പിച്ചത്. പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പയ്യാവൂര്‍ സി.ഐ പി. ഉഷാദേവിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് ആറുപേരെയും അറസ്റ്റ് ചെയ്തത്. പൊലീസിെൻറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ആക്രമിച്ചതിനും റിസോര്‍ട്ടില്‍ പരാക്രമം കാട്ടി മാനേജറെ മർദിച്ചതിനുമായി രണ്ട് കേസുകളാണ് പയ്യാവൂർ പൊലീസ് രജിസ്റ്റർ ചെയ്തത്.
തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ ആറുപേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവം സംബന്ധിച്ച് പൊലീസ്, സൈനിക മേധാവിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.