ശ്രീകണ്ഠപുരം: റബർ ടാപ്പിങ് തൊഴിലാളികളെ ആവശ്യമുണ്ട്. ഇത് അടുത്ത കാലത്തായി വ്യാപകമായി പത്രങ്ങളിലും മറ്റും പ്രചരിക്കുന്ന പരസ്യമാണ്. എന്നാൽ, പ്രതികരണം തീരെ കുറവാണ്. അതും പുതു തലമുറ.റബറിന് വില കൂടിയിട്ടും ആവശ്യത്തിന് ടാപ്പിങ് തൊഴിലാളികളില്ലാത്തതിനാൽ ഉടമകളാണ് പ്രതിസന്ധിയിലായത്. അതിനാലാണ് അവർ ടാപ്പിങ് തൊഴിലാളികളെ പ്രതീക്ഷിക്കുന്നത്. നിലവിൽ റബറിന് 200ന് മുകളിൽ വിലയുള്ളതിനാൽ തൊഴിലാളികൾക്ക് മാന്യമായ കൂലി നൽകാൻ കർഷകർ തയാറാണെങ്കിലും പുതിയ തലമുറയിലുള്ളവർ ഈ മേഖലയിലേക്ക് വരുന്നില്ല. പുതുക്കിയ നിരക്കനുസരിച്ച് ഒരു റബർ ടാപ്പ് ചെയ്ത് ഷീറ്റ് അടിക്കുന്നതിന് മൂന്ന് രൂപ തൊഴിലാളിക്ക് ലഭിക്കും. 300 മുതൽ 1000 മരങ്ങൾ വരെ ടാപ്പ് ചെയ്യുന്ന തൊഴിലാളികളുണ്ട്. പ്രതിമാസം ചുരുങ്ങിയത് 30,000 രൂപയോളം ലഭിക്കുന്ന ഈ ജോലിയിൽ പഴയതൊഴിലാളികൾ മാത്രമാണുള്ളത്. 40 വയസ്സിന് താഴെയുള്ള നാമമാത്ര തൊഴിലാളികൾ തീരെ കുറവാണ്.
റബറിന് വിലയില്ലാതെ പ്രതിസന്ധി നേരിട്ട സമയത്ത് ഈ മേഖലയെ ഉപേക്ഷിച്ച കർഷകരും തൊഴിലാളികളും തിരിച്ചു വരുന്നില്ല. വില കുത്തനെ ഇടിഞ്ഞതും പഴയപോലെ സ്ഥിരതയില്ലാത്തതും ഉത്പാദന ചെലവ് കുടിയതുമൊക്കെയാണ് റബറിന് ‘ഗ്ലാമർ’ പോകാനുള്ള കാരണങ്ങൾ. മലയോരത്തെ വീടുകളിലെ യുവാക്കളിൽ നല്ലൊരു പങ്കും കൃഷിവിട്ട് ഐ.ടി മേഖലയിലും വിദേശത്ത് പോയതും റബർത്തോട്ടങ്ങളിൽ തൊഴിലാളി ക്ഷാമമുണ്ടാക്കി. കാട്ടുപന്നിയടക്കമുള്ള വന്യമൃഗശല്യം രൂക്ഷമായതും ടാപ്പിങ്ങിനിടെ പലരെയും ഇവ ആക്രമിച്ചതും തൊഴിലാളികളെ മറ്റു ജോലികൾ നോക്കാൻ പ്രേരിപ്പിച്ചു. നിലവിൽ സ്വയം ടാപ്പിങ് നടത്തിയാണ് പല ചെറുകിടത്തോട്ടം ഉടമകളും പിടിച്ചുനിൽക്കുന്നത്.
റബർ കർഷക സംഘങ്ങളുടെ കീഴിൽ ടാപ്പിങ് തൊഴിലാളികൾക്കായി റബർ ടാപ്പേഴ്സ് ബാങ്ക് എന്ന പേരിൽ അസോസിയേഷനുകളുണ്ട്. അതും ഫലം ചെയ്തില്ല. തുടക്കകാലത്ത് ഉണ്ടായിരുന്നവരല്ലാതെ പുതിയ അംഗങ്ങൾ സംഘടനയിൽ എത്തുന്നില്ല. പലയിടത്തും സംഘടനയുടെ പ്രവർത്തനം നിർജീവമാണ്. പുതുതായി ഈ ജോലി പഠിക്കാനോ ചെയ്യാനോ ആളുകളെത്തുന്നില്ല. പണ്ട് വിദ്യാഭ്യാസമുള്ളവർ പോലും റബർ ബോർഡ് നടത്തുന്ന ടാപ്പിങ് പരിശീലന കോഴ്സിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോൾ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോലും ആളില്ല. പരിശീലന കേന്ദ്രങ്ങളും നാമ മാത്രമായി. അനുബന്ധ ജോലികൾക്കും ആളെ കിട്ടാത്ത സ്ഥിതിയാണ്. കാടുവെട്ടിത്തെളിക്കലും, വളമിടലും, തുരിശിടിക്കലും, മഴക്കുട ഒരുക്കുന്നതുമെല്ലാം ഉടമകൾ തന്നെ ചെയ്താണ് കൃഷി മുന്നോട്ട് കൊണ്ടു പോകുന്നത്. മുമ്പ് വർഷത്തിൽ രണ്ട് തവണ കാട് വെട്ടി തെളിച്ചിരുന്നത് പലരും ഒരു തവണ മാത്രമാക്കി. പല കർഷകരും റബർ മരങ്ങൾക്ക് വളപ്രയോഗം പോലും നടത്തുന്നില്ല. റബർക്കുടയും തുരിശടിക്കലും പലരും ചെയ്യാതായി.
തൊഴിലാളികളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തി ടാപ്പിങ് മേഖല സുരക്ഷിതമാക്കാൻ റബർ ബോർഡിന്റെ നേതൃത്വത്തിൽ പല പദ്ധതികളും നടത്തുന്നുണ്ട്. എന്നാൽ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാത്തത് ഇവർക്ക് വലിയ തിരിച്ചടിയാണ്. റബർ ബോർഡിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് ഇൻഷൂറൻസ് പദ്ധതി, ഹൗസിങ് സബ്സിഡി, ടാപ്പിങ് തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം, വനിത ടാപ്പിങ് തൊഴിലാളികൾക്കുള്ള സഹായങ്ങൾ തുടങ്ങിയ പദ്ധതികളാണുള്ളത്. പദ്ധതികൾ കൂടുതൽ ആകർഷകമാക്കി കൃത്യസമയത്ത് ലഭ്യമാക്കിയാൽ ഈ മേഖലയിലേക്ക് തൊഴിലാളികളെ എത്തിക്കാൻ സാധിച്ചേക്കും. ഒപ്പം കർഷക രക്ഷയും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.