പയ്യാവൂർ ആടാംപാറ വനാതിർത്തിയിൽ തൂക്കുവേലി നിർമിക്കുന്നു

പയ്യാവൂരിലെ സൗരോർജ തൂക്കുവേലി നവംബറിൽ പൂർത്തിയാകും

ശ്രീകണ്ഠപുരം: മലയോരങ്ങളിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തിയില്‍ ഒരുക്കുന്ന തൂക്കുവേലി (തൂങ്ങിനില്‍ക്കുന്ന സൗരോർജവേലികള്‍) നിർമാണം നവംബറിൽ പൂർത്തിയാകും.

ജില്ല-ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി. ശാന്തിനഗറിലെ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 16 കിലോമീറ്റർ ഭാഗത്താണ് 80 ലക്ഷം രൂപ ചെലവിൽ സൗരോർജ തൂക്കുവേലികൾ നിർമിക്കുന്നത്.

ജില്ല പഞ്ചായത്ത് 40 ലക്ഷവും പയ്യാവൂർ പഞ്ചായത്ത് 35 ലക്ഷവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷവുമാണ് ഇതിനായി അനുവദിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ തൂക്കുവേലിയാണിത്.

ഇതോടെ കാട്ടാനശല്യത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. ഏറെ കാലങ്ങളായി കാഞ്ഞിരക്കൊല്ലി, വഞ്ചിയം, ആടാംപാറ, അരീക്കാമല, ശാന്തിനഗർ, ചന്ദനക്കാംപാറ, ചിറ്റാരി, ഏലപ്പാറ, ചീത്തപ്പാറ തുടങ്ങിയ മേഖലയിലുള്ളവർ കാട്ടാനശല്യം മൂലം പൊറുതിമുട്ടുകയായിരുന്നു.

ഈ മേഖലയിലെ കൃഷിയിടങ്ങൾ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നതും പതിവാണ്. കർഷകർ രാപ്പകൽ ഉറക്കമൊഴിഞ്ഞ് ജീവൻ പണയപ്പെടുത്തി കാവലിരുന്നിട്ടും ഫലമുണ്ടാകാറില്ല. നേരത്തെ ആടാംപാറയിൽനിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് ആറ് കിലോമീറ്റർ നീളത്തിൽ സൗരോർജവേലി നിർമിച്ചിരുന്നെങ്കിലും കാട്ടാനശല്യം പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നില്ല.

തൂക്കുവേലിനിർമാണം പൂർത്തിയായാൽ തങ്ങളുടെ ദുരിതത്തിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് മലയോരകർഷകർ.

നിർമാണം ജനകീയ പങ്കാളിത്തത്തോടെ

തൂക്കുവേലിയുടെ ലൈൻ കടന്നുപോകേണ്ട മാർഗത്തിലെ കാടുകൾ കഴിഞ്ഞ ഡിസംബറിൽ വെട്ടിത്തെളിച്ചിരുന്നു. പൂർണമായും ജനകീയ പങ്കാളിത്തത്തോടെയാണ് കാട് വെട്ടിത്തെളിച്ചത്. ഇതിനായി പഞ്ചായത്തിന്റെ അതിർത്തി വാർഡുകളിൽ ഉൾപ്പെടുന്ന ശാന്തിനഗർ, കാഞ്ഞിരക്കൊല്ലി, പാടാംകവല, ചാപ്പക്കൽ, ചന്ദനക്കാംപാറ, ആടാംപാറ, ഒന്നാം പാലം എന്നിവിടങ്ങളിൽ പ്രത്യേകം കമ്മിറ്റികൾ രൂപവത്കരിക്കുകയും ചെയ്തു.

തുടർന്നാണ് കാടും കൃഷിയിടവുമായി യോജിക്കുന്ന ഭാഗത്ത് മൂന്ന് മീറ്റർ മുതൽ ആറ് മീറ്റർ വരെ വീതിയിൽ കാട് തെളിയിച്ച് വൃത്തിയാക്കിയത്. നേരത്തെ മാർച്ച് 31ന് മുമ്പായി തൂക്കുവേലിയുടെ നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന നാച്വർ ഫെൻസിങ് കമ്പനിക്കാണ് നിർമാണച്ചുമതല.

തൂക്കുവേലികൾ ഏറെ ഫലപ്രദം

15 അടി ഉയരമുള്ള ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് 50 മീറ്റർ ഇടവിട്ട് തൂണുകൾ സ്ഥാപിച്ചാണ് തൂക്കുവേലികൾ ഒരുക്കുന്നത്. ഇതിൽ രണ്ട് ലൈനുകളിലായി വൈദ്യുതി പ്രവഹിക്കുന്ന സ്പ്രിങ് കേബിളുകൾ നിശ്ചിത അകലത്തിൽ താഴേക്ക് തൂക്കിയിടും.

പരമ്പരാഗതരീതിയിൽ താഴെ വൈദ്യുതിവേലി ഒരുക്കുന്നതിലെ വലിയ ന്യൂനതകൾക്ക് ഇത്തരത്തിൽ പ്രതിരോധം ഒരുക്കുന്നതിലൂടെ മറികടക്കാനാകും. തൂങ്ങിക്കിടക്കുന്നതിനാൽ ആനകൾക്ക് ഇടിച്ചുതകർക്കാനാകില്ല.

വൈദ്യുതി പ്രവഹിക്കുന്ന സ്റ്റീൽ വയറുകൾ തറനിരപ്പിൽനിന്ന് മൂന്ന് അടിവരെ ഉയർന്നുനിൽക്കുന്നതിനാൽ പെട്ടെന്ന് നശിച്ച് പ്രവർത്തനമികവ് നഷ്ടപ്പെടില്ല. മാത്രമല്ല, ഉയരത്തിൽനിന്ന് തൂങ്ങിക്കിടക്കുന്നതിനാൽ മരശിഖരങ്ങളും മറ്റും വീണ് പൊട്ടുകയുമില്ല. ചെറു മൃഗങ്ങൾക്ക് അപകടവുമുണ്ടാകില്ല.

Tags:    
News Summary - Solar hanging fence at Payyavur will be completed in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.