ശ്രീകണ്ഠപുരം: 'അറിവിന്റെ പുതിയ ആകാശം. പ്രിയ ശ്രോതാക്കൾക്ക് വിദ്യാഗീതം സ്കൂൾ റേഡിയോയിലേക്ക് സ്വാഗതം...' ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളുടെ റേഡിയോ സ്റ്റേഷനിൽനിന്ന് മുടങ്ങാതെ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളുടെ ആദ്യ വാചകമാണിത്.
റേഡിയോ അഞ്ചുവർഷം പിന്നിട്ടപ്പോൾ കോവിഡ് പ്രതിസന്ധി വന്നെങ്കിലും പകച്ചുനിൽക്കാതെ ഓൺലൈൻ വഴി ഇവർ പ്രക്ഷേപണം തുടരുകയായിരുന്നു. വൈവിധ്യമാർന്ന പരിപാടികളാണ് റോഡിയോയിൽ അവതരിപ്പിക്കുന്നത്. 2015 -16 അധ്യയന വർഷത്തിലാണ് അന്നത്തെ അധ്യാപക കൂട്ടായ്മയുടെ ആലോചനയിൽ ഉച്ചഭക്ഷണ ഇടവേളകളെ ആഹ്ലാദപൂർണമാക്കുക എന്ന ലക്ഷ്യത്തോടെ മന്ദാരം എന്ന പേരിൽ സ്കൂൾ റേഡിയോ പിറവിയെടുത്തത്. പിന്നീട് വിദ്യാഗീതം എന്ന പേരിലേക്ക് മാറുകയായിരുന്നു.
കുട്ടികൾ തയാറാക്കുന്ന റോഡിയോ പരിപാടികൾ വിദ്യാലയത്തിലെ ഉച്ചഭാഷിണി സൗകര്യമുപയോഗിച്ച് എല്ലാ ക്ലാസ് മുറികളിലും കേൾപ്പിക്കുകയാണ് ചെയ്തത്. വാർത്തകൾ, കലാപരിപാടികൾ, വിജ്ഞാന പരിപാടികൾ, പ്രഭാഷണങ്ങൾ, വിദ്യാലയ വാർത്തകൾ, അറിയിപ്പുകൾ, ദിനാചരണങ്ങൾ, നാടൻ കലാപരിചയം തുടങ്ങിയവയെല്ലാം സ്കൂൾ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തു. കുട്ടികൾ തന്നെയാണ് പരിപാടികളുടെ രചനയും എഡിറ്റിങ്ങുമൊക്കെ നടത്തുന്നത്.
തിരഞ്ഞെടുക്കുന്ന നാല് കുട്ടികളാണ് ഓരോ പരിപാടികൾക്കും അവതാരകരായെത്തുന്നത്. ഉച്ചാരണ ശുദ്ധിയും അവതരണ ശൈലിയും മികവുറ്റതാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. വിദ്യാർഥികളിൽ ആത്മവിശ്വാസവും നേതൃപാടവവും വളർത്താനുള്ള ഉപാധി കൂടിയായി വിദ്യാഗീതം സ്കൂൾ റേഡിയോ മാറി. നല്ല രീതിയിൽ റേഡിയോ പ്രവർത്തനം തുടരുന്നതിനിടെയാണ്
കോവിഡും ലോക് ഡൗണും തടസ്സമായെത്തിയത്. ഇവിടെയും വഴിമാറി ചിന്തിച്ച അധ്യാപകരും കുട്ടികളും സ്കൂൾ റേഡിയോ ഓൺലൈൻ പ്രക്ഷേപണത്തിലേക്ക് ചുവടുമാറ്റി. കുട്ടികളുടെ ഓൺലൈൻ ക്ലാസിനായി ഒരുക്കിയ വാട്സ് ആപ് ഗ്രൂപ്പുകളിലായിരുന്നു ആദ്യ ഓൺലൈൻ വാർത്താ പരീക്ഷണം. ആഴ്ചതോറും ഓരോ എപ്പിസോഡുകൾ അയച്ചു തുടങ്ങി. പിന്നീട് വിദ്യാഗീതം എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങി പരിപാടികൾ പ്രക്ഷേപണം ചെയ്തു. ഓൺലൈനായതോടെ രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ റേഡിയോയുടെ ശ്രോതാക്കളായി.
ഓൺലൈൻ പ്രക്ഷേപണം നിലവിൽ 50 എപ്പിസോഡുകൾ പിന്നിട്ടു. റേഡിയോയിലെ പ്രതിവാര പരിപാടികളിൽ എഴുത്തുകാരായ മാധവൻ പുറച്ചേരി, ആലങ്കോട് ലീലാകൃഷ്ണൻ, കെ.എ. ബീന, നടന്മാരായ ഇർഷാദ് അലി, സന്തോഷ് കീഴാറ്റൂർ, കൃഷി മന്ത്രി പി. പ്രസാദ്, സാമൂഹിക പ്രവർത്തക ദയാബായി തുടങ്ങിയ പ്രമുഖരെല്ലാം അതിഥികളായി എത്തി. അധ്യാപകരായ എൻ.സി. നമിത, നവാസ് മന്നൻ, എം.കെ. രാജീവ്, പി.വി. മനോജ് എന്നിവരാണ് നിലവിൽ റോഡിയോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. പ്രഥമാധ്യാപകൻ പി.പി. സണ്ണിയും മറ്റ് അധ്യാപകരും പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്. റേഡിയോ അവതാരകരും ശ്രോതാക്കളുമായിരുന്ന പലരും സ്കൂളിന്റെ പടികടന്നിട്ടും ഓർമയുടെ ഉള്ളറകളിൽ ഈ റോഡിയോ ശബ്ദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.