ശ്രീകണ്ഠപുരം: പുഴ കരയെടുത്ത തേർളായി ദ്വീപിന് ഭിത്തിയൊരുങ്ങുന്നു. നാലുഭാഗവും വളപട്ടണം പുഴയാൽ ചുറ്റപ്പെട്ട തേർളായി ദ്വീപിലാണ് കരഭിത്തി ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ദ്വീപിെൻറ നാലു ഭാഗത്തും കരയിടിച്ചിൽ രൂക്ഷമായിരുന്നു.ഇതിന് പരിഹാരമായാണ് കുറുമാത്തൂർ ഭാഗത്ത് പുൾക്കാടി കടവ് മുതൽ ചിറമ്മൽ കടവ് വരെ 220 മീറ്റർ നീളത്തിൽ കരഭിത്തി നിർമിക്കുന്നത്.
പുഴ സംരക്ഷണ പദ്ധതിയിൽ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് ഭിത്തി നിർമാണം. രണ്ടു വർഷം മുമ്പ് കെ.സി.ജോസഫ് എം.എൽ.എ ഇടപെട്ട്, സംരക്ഷണ ഭിത്തി കെട്ടാനായി ജലസേചന വകുപ്പിൽ നിന്നും 1.20 കോടി രൂപ ലഭ്യമാക്കിയിരുന്നു. ഈ തുക ഉപയോഗിച്ച് പാലംകടവ് മുതൽ മൊയ്തീൻ പള്ളി കടവ് വരെയും മാധവി കടവ് ഭാഗത്തും സംരക്ഷണ ഭിത്തി പൂർത്തിയാക്കി. ഇനി മോലത്തുംകടവ്, കുനിമ്മൽ കടവ്, ഓട്ടുവളപ്പ് കടവ് ഉൾപ്പെടെ കരിയിടിച്ചിൽ രൂക്ഷമായ ഒരു കിലോമീറ്റർ വരുന്ന അഞ്ച് ഭാഗങ്ങളിൽ കൂടി സംരക്ഷണ ഭിത്തി ഒരുക്കേണ്ടതുണ്ട്. ഇതിനെല്ലാം കൂടി 4.5 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി. ഈ പദ്ധതിക്കുകൂടി ഭരണാനുമതി ലഭിച്ചാൽ ജില്ലയിലെ ആൾത്താമസമുള്ള തുരുത്തുകളിലൊന്നായ തേർളായിയിലെ കരയിടിച്ചിൽ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ചെങ്ങളായി പഞ്ചായത്തിലെ 198 ഏക്കർ വിസ്തൃതി മാത്രമുള്ള വളപട്ടണം പുഴയിലെ ഈ ദ്വീപിൽ ഇപ്പോൾ 124 കുടുംബങ്ങളാണ് താമസിക്കുന്നത്. 2005ൽ തേർത്തല ഭാഗത്തുനിന്നും തേർലായി ദ്വീപിലേക്ക് പാലം വന്നതോടെ തോണിയാത്ര മൂന്ന് ഭാഗത്തു മാത്രമായി. നിലവിൽ മയ്യിൽ കണ്ടക്കൈ ഭാഗത്തും കുറുമാത്തൂരിലും പെരിന്തലേരി ബോട്ടുകടവ് ഭാഗത്തും എത്തേണ്ടവർ തോണിയെയാണ് ആശ്രയിക്കുന്നത്.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഈ ദ്വീപ് രണ്ടുദിവസത്തോളം പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്നു. ഈ വർഷവും പലയിടങ്ങളിലും വെള്ളം കയറി നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചിരുന്നു. ദ്വീപ് പൂർണമായും പുഴയെടുക്കുമെന്ന ഭീതി നിലനിൽക്കുന്നതിനിടെയാണ് ഭിത്തി നിർമാണം നടക്കുന്നത്. ഇനിയെങ്കിലും പിറന്ന മണ്ണിൽ സുരക്ഷയോടെ ഉറങ്ങാമെന്ന ആശ്വാസത്തിലാണ് തേർളായിയിലെ ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.