ശ്രീകണ്ഠപുരം: തെരുവുനായ് ശല്യം രൂക്ഷമാകുമ്പോഴും ജില്ലയിൽ വന്ധ്യംകരിക്കുന്നത് പേരിനുമാത്രം. വന്ധ്യംകരിക്കുന്നതിന് ജില്ലയിലുള്ളത് ഒരു എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ യൂനിറ്റ്) കേന്ദ്രം മാത്രമാണ്. പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പ്രവർത്തനം തുടങ്ങി ഒന്നരവർഷം കഴിയുമ്പോൾ ഇതുവരെ ഇവിടെ വന്ധ്യംകരിച്ചത് 2711 തെരുവു നായ്ക്കളെയാണ്. ഇതിൽ 1483 ആൺപട്ടികളെയും 1228 പെൺപട്ടികളെയുമാണ് കഴിഞ്ഞ 22വരെ വന്ധ്യംകരിച്ചതെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. പ്രശാന്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവിൽ ഒരുമാസം രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ എന്ന ക്രമത്തിൽ ദിവസം ഏഴ് മുതൽ 10 വരെ തെരുവുനായ്ക്കളെ പിടികൂടി ഇവിടെ വന്ധ്യംകരിക്കുന്നുണ്ട്. ഡോ. ബിജോയിക്കാണ് ഊരത്തൂർ എ.ബി.സിയുടെ ചുമതല. ജില്ലയിൽ ആറ് എ.ബി.സികൾ സ്ഥാപിക്കാൻ ആലോചന നടന്നെങ്കിലും ഊരത്തൂരിൽ മാത്രമാണ് സ്ഥാപിച്ചത്. 2022 ഒക്ടോബർ നാലിനാണ് പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിൽ എ.ബി.സി കേന്ദ്രം തദ്ദേശ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തത്. ആദ്യമാസം തന്നെ 26 ആൺ നായ്ക്കളെയും 27 പെൺനായ്ക്കളെയുമാണ് ഇവിടെ വന്ധ്യംകരിച്ചതെന്നാണ് കണക്ക്. പ്രവർത്തനം തുടങ്ങിയ ആദ്യ 10 ദിവസങ്ങളിൽ നാല് നായ്ക്കളെ മാത്രമായിരുന്നു വന്ധ്യംകരിച്ചത്. ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ തുടക്കത്തിൽ പ്രതീക്ഷിച്ച രീതിയിൽ വന്ധ്യംകരണം നടത്താനായില്ല. പിന്നീട് ഒക്ടോബർ 14ന് ശേഷമാണ് എ.ബി.സി കേന്ദ്രം പൂർണതോതിൽ പ്രവർത്തനസജ്ജമായത്. തുടക്കത്തിൽ രണ്ട് ഡോക്ടർമാർ, രണ്ട് ഓപറേഷൻ തിയറ്റർ സഹായികൾ, എട്ട് പട്ടിപിടുത്തക്കാർ, രണ്ട് ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെ 14 പേർ കേന്ദ്രത്തിൽ ജോലിക്കുണ്ടായിരുന്നു. പിന്നീട് അത് എട്ടായി ചുരുങ്ങി. ഒരുഡോക്ടറും ഒരുഓപറേഷൻ തിയറ്റർ സഹായിയും നാല് പട്ടിപിടുത്തക്കാരും രണ്ട് ശുചീകരണ തൊഴിലാളികളും മാത്രമായതോടെ എ.ബി.സി കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റുന്ന അവസ്ഥയായി.
63 ലക്ഷം രൂപ ചെലവിൽ നിർമിച്ച എ.ബി.സി കേന്ദ്രത്തിൽ 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ, രണ്ട് ഓപറേഷൻ തിയറ്ററുകൾ, പ്രീ ആൻഡ് പോസ്റ്റ് ഓപറേറ്റിവ് മുറികൾ, ജീവനക്കാർക്കുള്ള ഡോർമറ്ററി, എ.ബി.സി ഓഫിസ്, സ്റ്റോർ, മാലിന്യ നിർമാർജന സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. അതിരാവിലെയും വൈകീട്ടുമാണ് പട്ടികളെ പിടികൂടുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആൺ നായ്ക്കളെ മൂന്നുദിവസവും പെൺ നായ്ക്കളെ അഞ്ചുദിവസവും നീരിക്ഷണത്തിൽ പാർപ്പിക്കും. ഇവക്കുള്ള ആന്റിബയോട്ടിക് ചികിത്സയും ഭക്ഷണവും സെന്ററിലുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച നായ്ക്കളെ പിടിച്ചുകൊണ്ടുവന്ന സ്ഥലത്ത് തന്നെ തിരിച്ചെത്തിക്കും.
നേരത്തെ പാപ്പിനിശ്ശേരി മൃഗാശുപത്രിയോടു ചേർന്നുള്ള എ.ബി.സി കേന്ദ്രത്തിലായിരുന്നു വന്ധ്യംകരണം നടത്തിയിരുന്നത്. ഇവിടെ 2021 ആഗസ്റ്റ് മുതൽ 2022 ഫെബ്രുവരി വരെ 1,073 നായകളെയാണ് പിടികൂടി വന്ധ്യംകരിച്ചിരുന്നത്. പിന്നീടത് അടച്ചുപൂട്ടി. ഊരത്തൂരിൽ തുടങ്ങിയ ശേഷം തെരുവുനായ്ക്കളുടെ വർധനക്ക് കുറവുണ്ടായിട്ടുണ്ടെന്നാണ് സൂചന.
ജില്ലയിൽ മറ്റിടങ്ങളിൽ കൂടി എ.ബിസി കേന്ദ്രങ്ങൾ തുടങ്ങി നടപടി കടുപ്പിക്കാൻ ആലോചനയുണ്ടായെങ്കിലും ഫലം കണ്ടിരുന്നില്ല. മുഴുപ്പിലങ്ങാടും പാട്യത്തും ഇതിനായി അവസാനവട്ട പരിശോധനകൾ നടത്തിയെങ്കിലും സാമ്പത്തീക ബാധ്യതയും പ്രദേശവാസികളുടെ എതിർപ്പുമെല്ലാം പുതിയ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് തടസ്സമാവുകയായിരുന്നു. ഒടുവിൽ ഊരത്തൂരിലെ എ.ബി.സി കേന്ദ്രം തന്നെ വിപുലികരിക്കാനുള്ള തീരുമാനമാണ് അധികൃതർ സ്വീകരിച്ചിട്ടുള്ളത്. ഊരത്തൂരിലെ കേന്ദ്രത്തിൽ 50 കൂടുകളും ഒരുഓപറേഷൻ തിയറ്ററും അധികമായി ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും അതും ലഭിച്ചിട്ടില്ല. ഒപ്പം ആവശ്യത്തിനുള്ള ജീവനക്കാരുടെ നിയമനവും നടത്തണം.
ശ്രീകണ്ഠപുരം: രണ്ട് വിദ്യാർഥികള്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ശ്രീകണ്ഠപുരത്ത് വ്യാപക പ്രതിഷേധം. ടൗണിലും ഉൾവഴികളിലുമെല്ലാം നായ്ക്കൾ വിലസി അക്രമം തുടരുമ്പോഴും നഗരസഭയും മറ്റും മൗനം നടിക്കുന്നതിൽ വ്യാപക ആക്ഷേപമുയർന്നിട്ടുണ്ട്.
അതിനിടെ ചൊവ്വാഴ്ച രാത്രി നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയയാളെ നാട്ടുകാര്‍ പിടികൂടി താക്കീത് ചെയ്തു. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിനടുത്ത ‘ടേക് എ ബ്രേക്കി’ന് സമീപം തെരുവുനായ്ക്കളെ തീറ്റിക്കാനെത്തിയ മധ്യവയസ്കനെയാണ് ഒരുസംഘം യുവാക്കള്‍ തടഞ്ഞത്. കഴിഞ്ഞദിവസം ശ്രീകണ്ഠപുരത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികൾക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് പ്രദേശവാസികൾ പട്ടികൾക്ക് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനായി കാത്തിരുന്നത്. അതിനിടെയാണ് ഒരുമൃഗസ്നേഹി ഭക്ഷ്യവസ്തുക്കളുമായെത്തി നായ്ക്കൾക്ക് നൽകിയത്.
അതിനിടെ തെരുവുനായക്ക് ഭക്ഷണം നൽകിയയാൾക്കെതിരെ അറവുമാലിന്യം തള്ളിയതിന് നഗരസഭ 5,000 രൂപ പിഴ ചുമത്തി. ഇതിൽ ഒരുവിഹിതം വിവരമറിയിച്ച യുവാക്കൾക്ക് നൽകുമെന്ന് നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന അറിയിച്ചു.
ശ്രീകണ്ഠപുരം: ജില്ലയിൽ നഗര പ്രദേശങ്ങളിലും മലയോര ഗ്രാമങ്ങളിലും ഭീതി പടർത്തി വീണ്ടും തെരുവുനായ്ക്കൾ. നേരത്തെ ഉൾഗ്രാമങ്ങളിലെ വഴിയോരങ്ങളാണ് നായ്ക്കൾ കൈയടക്കിയതെങ്കിൽ നിലവിൽ നഗരപ്രദേശങ്ങളിലും അവ വിഹരിക്കുന്നുണ്ട്. ഇതോടെ ജനങ്ങൾ ഭീതിയിലാണ്. വിദ്യാർഥികളും പത്രവിതരണക്കാരും രാവിലെ നടക്കാനിറങ്ങുന്നവരുമെല്ലാം നായ്ക്കളുടെ അക്രമത്തിനിരയാവുന്നുണ്ട്. മുഴുപ്പിലങ്ങാട് സംഭവത്തിനു ശേഷം നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായിരുന്നു പലയിടത്തും. കുറച്ചുനാൾ നായ്ക്കളുടെ ശല്യം കുറഞ്ഞെങ്കിലും വീണ്ടും പഴയതുപോലെയായി. തളിപ്പറമ്പ്, ആലക്കോട്, ചെറുപുഴ, ശ്രീകണ്ഠപുരം, ചെങ്ങളായി, പയ്യാവൂർ, ഏരുവേശി, ഇരിക്കൂർ, പടിയൂർ, ഇരിട്ടി, ഉളിക്കൽ, നടുവിൽ മേഖലകളിലെല്ലാം നായ്ശല്യം വർധിച്ചിട്ടുണ്ട്. തെരുവു നായ്ക്കളായതിനാൽ പേയിളകിയവയും കൂട്ടത്തിലുണ്ടോയെന്ന സംശയവും നിലനിൽക്കുന്നു. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിലും ഇറച്ചി മാർക്കറ്റ് പരിസരങ്ങളിലുമാണ് നേരത്തെ നായ്ക്കൾ തമ്പടിച്ച് കടിപിടികൂടിയിരുന്നത്. എന്നാൽ, നിലവിൽ വഴിയോരങ്ങളിലും സ്കൂൾ, പള്ളി, മദ്റസ പരിസരങ്ങളിലുമെല്ലാം നായ്ക്കൾ കൂട്ടത്തോടെ എത്തുന്നു. കുട്ടികളെയും സ്ത്രീകളെയും ഓടിക്കുന്നതും പതിവാണ്. കഴിഞ്ഞ തിങ്കളാഴ്ച ശ്രീകണ്ഠപുരത്ത് അഞ്ച് വയസ്സുകാരിയെയും 10 വയസ്സുകാരനെയും തെരുവുനായ്ക്കൾ കടിച്ചുകീറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.