ശ്രീകണ്ഠപുരം: ജില്ലയിലാകെ തെരുവുനായ്ക്കൾ ഭീതി പരത്തുന്നത് തുടരുമ്പോഴും നായ്ക്കളെ വന്ധ്യംകരണം നടത്താൻ ഉള്ളത് ഒരു എ.ബി.സി ( ആനിമൽ ബർത്ത് കൺട്രോൾ യൂനിറ്റ്) കേന്ദ്രം മാത്രം. ആറെണ്ണം സ്ഥാപിക്കാൻ ആലോചന നടന്നെങ്കിലും ഒന്നു മാത്രമാണ് സ്ഥാപിച്ചത്. ജില്ലയിൽ ഊരത്തൂരിലെ എ.ബി.സി. കേന്ദ്രത്തിൽ നിന്ന് ഇതുവരെ 1817 തെരുവു നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. പ്രവർത്തനം തുടങ്ങി ഒരു വർഷവും രണ്ടു മാസവും പിന്നിടുമ്പോഴുള്ള കണക്കാണിത്.
2022 ഒക്ടോബർ നാലിനാണ് പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിൽ എ.ബി.സി കേന്ദ്രം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തത്. ആദ്യമാസം തന്നെ 26 ആൺ നായ്ക്കളെയും 27 പെൺനായ്ക്കളെയുമാണ് ഇവിടെ വന്ധ്യംകരിച്ചത്. ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ തുടക്കത്തിൽ പ്രതീക്ഷിച്ച രീതിയിൽ വന്ധ്യംകരണം നടത്താനായില്ല. പിന്നീട് ഒക്ടോബർ 14ന് ശേഷമാണ് എ.ബി.സി കേന്ദ്രം പൂർണതോതിൽ പ്രവർത്തനസജ്ജമായത്. തുടക്കത്തിൽ രണ്ട് ഡോക്ടർമാർ, രണ്ട് ഓപറേഷൻ തിയറ്റർ സഹായികൾ, എട്ട് പട്ടിപിടിത്തക്കാർ, രണ്ട് ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെ 14 പേർ കേന്ദ്രത്തിൽ ജോലിക്കുണ്ടായിരുന്നു. നിലവിൽ അത് എട്ടായി ചുരുങ്ങി. ഒരു ഡോക്ടറും ഒരു ഓപറേഷൻ തിയറ്റർ സഹായിയും നാല് പട്ടിപിടിത്തക്കാരും രണ്ട് ശുചീകരണ തൊഴിലാളികളും മാത്രമാണ് ഇപ്പോഴുള്ളത്.
63 ലക്ഷം രൂപ ചെലവിൽ നിർമിച്ച എ.ബി.സി കേന്ദ്രത്തിൽ 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ, രണ്ട് ഓപറേഷൻ തിയറ്ററുകൾ, പ്രീ ആൻഡ് പോസ്റ്റ് ഓപറേറ്റിവ് മുറികൾ, ജീവനക്കാർക്കുള്ള ഡോർമെറ്ററി, എ.ബി.സി ഓഫിസ്, സ്റ്റോർ, മാലിന്യനിർമാർജന സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. അതിരാവിലെയും വൈകീട്ടുമാണ് പട്ടികളെ പിടികൂടുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആൺ നായ്ക്കളെ മൂന്ന് ദിവസവും പെൺ നായ്ക്കളെ അഞ്ചു ദിവസവും നിരീക്ഷണത്തിൽ പാർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇവക്കുള്ള ആന്റിബയോട്ടിക് ചികിത്സയും ഭക്ഷണവും സെന്ററിലുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിച്ച നായ്ക്കളെ പിടിച്ചു കൊണ്ടുവന്ന സ്ഥലത്ത് തന്നെ തിരിച്ചെത്തിക്കും. പകർച്ചവ്യാധിയുള്ള നായ്ക്കൾ ആണെങ്കിൽ ചികിത്സ നടത്തി മാത്രമേ തുറന്നുവിടുകയുള്ളൂ. പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പും നൽകുന്നുണ്ട്.
പ്രതിമാസം 300 നായ്ക്കളെ പിടികൂടാനും 200 നായ്ക്കളെ വന്ധ്യംകരിക്കാനുമാണ് തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും 20 നായ്ക്കളെ വീതം പിടികൂടിയിരുന്നു. ഇതിൽ നേരത്തേ വന്ധ്യംകരിച്ചവയെ വീണ്ടും പിടികൂടുന്ന സ്ഥിതിയുള്ളതിനാൽ അവക്ക് വാക്സിനും നൽകുന്നുണ്ട്. കൂടാതെ വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയാനായി ചെവിയിൽ അടയാളം പതിപ്പിച്ചാണ് തുറന്നു വിടുന്നത്. നേരത്തേ പാപ്പിനിശേരി വെറ്ററിനറി ആശുപത്രിയോട് ചേർന്നുള്ള എ.ബി.സി കേന്ദ്രത്തിൽ നിന്നായിരുന്നു വന്ധ്യംകരണം നടത്തിയിരുന്നത്. ഊരത്തൂരിൽ തുടങ്ങിയ ശേഷം തെരുവുനായ്ക്കളുടെ വർധനക്ക് കുറവുണ്ടായിട്ടുണ്ടെന്നാണ് സൂചന.
ജില്ലയിൽ മറ്റിടങ്ങളിൽ കൂടി എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങി നടപടി കടുപ്പിക്കാൻ ആലോചനയുണ്ടായെങ്കിലും അത് ഫലം കണ്ടിരുന്നില്ല. മുഴുപ്പിലങ്ങാടും പാട്യത്തും ഇതിനായി അവസാനവട്ട പരിശോധനകൾ വരെ നടത്തിയെങ്കിലും സാമ്പത്തിക ബാധ്യതയും പ്രദേശവാസികളുടെ എതിർപ്പുമെല്ലാം പുതിയ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് തടസ്സമാവുകയായിരുന്നു. ഭൂമിയൊരുക്കിയെടുക്കാൻ തന്നെ വൻതുക വേണ്ടിവരുമെന്ന കണക്കുകൂട്ടൽ വന്നതോടെയാണ് പാട്യം പഞ്ചായത്തിൽ തുടങ്ങാനിരുന്ന കേന്ദ്രം വേണ്ടെന്നുവെച്ചത്. ഒടുവിൽ ഊരത്തൂരിലെ എ.ബി.സി കേന്ദ്രം തന്നെ വിപുലീകരിക്കാനുള്ള തീരുമാനമാണ് അധികൃതർ സ്വീകരിച്ചിട്ടുള്ളത്. ഊരത്തൂരിലെ കേന്ദ്രത്തിൽ 50 കുടുകളും ഒരു ഓപറേഷൻ തിയറ്ററും അധികമായി ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് 40 ലക്ഷം അനുവദിച്ചിട്ടുണ്ട്.
നിലവിൽ ഒരു മാസം രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ എന്ന ക്രമത്തിലാണ് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നത്. ഫെബ്രുവരിയോടെ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും തെരുവു നായ്ക്കളുടെ വന്ധ്യംകരണ നടപടികൾ പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ഭയാശങ്ക വേണ്ടെന്നും എ.ബി.സി ചുമതലയുള്ള മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സിനി സുകുമാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.