ശ്രീകണ്ഠപുരം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 62 കോടി രൂപ ചെലവിലാണ് കണിയാർവയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡ് 12 മീറ്റർ വീതിയിൽ നവീകരിച്ചത്. എന്നാൽ, വയക്കര മുതൽ ബാലങ്കരി വരെ പുഴയോരത്തുകൂടി പോകുന്ന ഭാഗങ്ങളിൽ കരയിടിച്ചിലിനെ തുടർന്ന് ഭീതിയോടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
കരയിടിച്ചിൽ രൂക്ഷമായ ഈ ഭാഗത്ത് വീതി കുറച്ചാണ് റോഡ് നിർമിച്ചത്. ആവശ്യമായ സംരക്ഷണ ഭിത്തിയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മടമ്പം ആർ.സി.ബിയുടെ ഷട്ടർ അടച്ചാൽ ഇവിടെ വെള്ളം കയറി പുഴയോരം കൂടുതൽ ഇടിയാൻ സാധ്യതയുണ്ട്. പുഴയോട് ചേർന്ന മുഴുവൻ ഭാഗങ്ങളിലും സുരക്ഷവേലി ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പലപ്പോഴും വേഗത്തിൽ വരുന്ന വാഹനങ്ങൾ തലനാരിഴക്കാണ് പുഴയിൽ വീഴാതെ രക്ഷപ്പെടുന്നത്.
ഇരിക്കൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് 2018ലാണ് നിർമാണം തുടങ്ങിയത്. പുഴവെള്ളം കയറുന്ന പ്രദേശങ്ങളിൽ രണ്ടര കിലോമീറ്റർ നീളത്തിൽ റോഡ് ഉയർത്തിയും നടപ്പാതയും നാൽപതോളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികളും ഒരുക്കിയാണ് റോഡ് നവീകരിച്ചത്.
എന്നാൽ, ഈ ഭാഗത്ത് ആവശ്യമായ നിലവാരത്തിലല്ല പണി നടത്തിയത്. മലയോര ഹൈവേയെയും തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. ഉളിക്കലിൽനിന്ന് ശ്രീകണ്ഠപുരത്തെത്താനുള്ള തിരക്കൊഴിഞ്ഞ പാതയും ഇതാണ്.
തുടക്കംതൊട്ട് തന്നെ കരാറുകാരുടെയും അധികൃതരുടെയും അനാസ്ഥ കണിയാർ വയൽ-ഉളിക്കൽ റോഡ് നിർമാണം ഇഴഞ്ഞുനീങ്ങാൻ കാരണമായി. 2018ൽ നിർമാണം തുടങ്ങിയ റോഡ് കഴിഞ്ഞ വർഷം മേയിലാണ് ഉദ്ഘാടനം ചെയ്തത്.
നിർമാണത്തിൽ പുരോഗതിയില്ലാത്തതിനാൽ കിഫ്ബി മഞ്ഞപ്പട്ടികയിൽ ഉൾപ്പെടുത്തിയ റോഡ് കൂടിയാണിത്. കിഫ്ബിയുടെ രണ്ടാമത്തെ പരിശോധനയിൽ റോഡുനിർമാണം 50 ശതമാനംപോലും പൂർത്തിയാകാത്തതിനാലാണ് മഞ്ഞപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
റോഡ് നിർമാണ സമയത്തും പിന്നീടും ഈ കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഗണിക്കാതെ അനാസ്ഥ കാട്ടുകയാണുണ്ടായെതെന്ന് കാഞ്ഞിലേരി പൊതുജന വായനശാല സെക്രട്ടറി ഇ.പി. ജയപ്രകാശ് പറഞ്ഞു. ഇനിയും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് അധികൃതർ പ്രശ്നത്തിന് പരിഹാരം കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.