ശ്രീകണ്ഠപുരം: എക്കാലവും വലതിെൻറ ഉരുക്കുകോട്ടയാണ് ഇരിക്കൂർ മണ്ഡലം. ജില്ലയിലും സംസ്ഥാനത്തും യു.ഡി.എഫിന് അത് വലിയ അഭിമാനവുമാണ്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ ഗ്രൂപ്പുകളി നന്നായി പ്രയോഗിച്ച കോൺഗ്രസുകാർ ഇരിക്കൂർ എന്ന ഉരുക്കുകോട്ടക്കാണ് വിള്ളൽ വീഴ്ത്തിയത്. കാലങ്ങളായി യു.ഡി.എഫ് കൈയടക്കി ഭരിച്ച മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകൾ ഇത്തവണ തമ്മിലടിച്ച് നഷ്ടപ്പെടുത്തിയപ്പോൾ കോൺഗ്രസ് അണികളും യു.ഡി.എഫ് ഘടകകക്ഷികളും പരസ്യ പ്രതിഷേധവുമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
19ൽ 11 സീറ്റ് നൽകി അധികാരത്തിലേറാൻ അവസരം നൽകിയിട്ടും അവസാനഘട്ടം നടുവിൽ പഞ്ചായത്ത് ഭരണംപോലും ഇടതുപക്ഷത്തിന് നൽകുകയായിരുന്നു. 40 വർഷത്തെ തുടർഭരണം നഷ്ടപ്പെടുത്തിയതിെൻറ ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വവും രംഗത്തുവന്നു. ഡി.സി.സി സെക്രട്ടറിയായ ഐ വിഭാഗത്തിലെ ബേബി ഓടംപള്ളിയെ തഴഞ്ഞ് പ്രാദേശിക നേതാവായ അലക്സ് ചുനയംമാക്കലിനെ പ്രസിഡൻറാക്കാൻ എ ഗ്രൂപ് നടത്തിയ കളിയാണ് നടുവിലിൽ പ്രശ്നങ്ങൾക്കിടയാക്കിയത്. ഒടുവിൽ ബേബി സി.പി.എം പിന്തുണയോടെ പ്രസിഡൻറായപ്പോൾ ഇടതിന് അട്ടിമറി ജയത്തിളക്കം. നഷ്ടം വലതുപാളയത്തിലും. കോൺഗ്രസ് അംഗങ്ങൾക്കെതിരെ ഡി.സി.സി നടപടിയെടുത്തിട്ടുണ്ട്.
വിപ് ലംഘനവും അയോഗ്യതയുമെല്ലാം വരുമെന്നറിഞ്ഞിട്ടും ബേബിയും കൂട്ടരും ഇത്തരമൊരു നീക്കത്തിന് കൂട്ടുനിന്നത് കോൺഗ്രസിലെ ഗ്രൂപ് തമ്മിലടിയും വ്യക്തിപരമായ എതിർപ്പും തീവ്രമാണെന്നതിെൻറ തെളിവാണ്. ഇവർ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവുമായി ധാരണയുണ്ടാക്കിയതായും പറയുന്നുണ്ട്. പയ്യാവൂരിൽ തെരഞ്ഞെടുപ്പിനു മുേമ്പ തുടങ്ങിയ എ, ഐ തമ്മിലടി 22 വർഷത്തെ കോൺഗ്രസ് ഭരണ കുത്തക തകർത്ത് സി.പി.എമ്മിന് ഭരണം നൽകുന്നതിന് സഹായിച്ചു.
കെ.പി.സി.സി സ്ഥാനാർഥിക്കെതിരെ ഡി.സി.സി സ്ഥാനാർഥിയെ വെച്ച തമ്മിലടിക്കൊടുവിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനെ തോൽപിച്ച് കെ.പി.സി.സി സ്ഥാനാർഥിയായ ടി.പി. അഷ്റഫ് വിജയിക്കുകയായിരുന്നു. എന്നാൽ, 16ൽ ഒമ്പത് സീറ്റ് നേടി പയ്യാവൂരിൽ എൽ.ഡി.എഫ് ഭരണത്തിലേറി. ഉദയഗിരിയിൽ 35 വർഷത്തിനുശേഷം ഇടതുപക്ഷം തിളക്കമാർന്ന ജയത്തോടെ അധികാരത്തിലേറിയപ്പോൾ അവിടെയും കോൺഗ്രസുകാരുടെ ഗ്രൂപ് തമ്മിലടിയുണ്ടായിരുന്നു. ഇരിക്കൂർ മണ്ഡലത്തിൽ 38 വർഷമായി കെ.സി. ജോസഫാണ് എം.എൽ.എ. എന്നിട്ടും ഇവിടെ എ, ഐ തർക്കം രൂക്ഷമാണെന്നത് അണികളിൽ കടുത്ത അമർഷമാണുണ്ടാക്കുന്നത്. മണ്ഡലത്തിൽ വിള്ളൽ വീഴ്ത്തിയതിന് നേതൃത്വം മറുപടി പറയണമെന്നാണ് അണികൾ പറയുന്നത്. ഇരിക്കൂറിൽ അട്ടിമറിയുണ്ടാവുന്നതിെൻറ തുടക്കമാണ് തങ്ങളുടെ വിജയമെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.