ശ്രീകണ്ഠപുരം: ജില്ലയിലെ മലയോര ഹൈവേയുടെ ഉദ്ഘാടനം 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിർവഹിച്ചെങ്കിലും യാതൊരു നിർമാണവും നടത്താത്ത രണ്ട് കിലോമിറ്റർ ദൂരമുണ്ട് പയ്യാവൂരിൽ. വെമ്പുവ ജങ്ഷൻ മുതൽ പൊന്നും പറമ്പ് വരെ. മലയോര ഹൈവേയുടെ നിർമാണോദ്ഘാടനം നടത്തിയ പയ്യാവൂർ ടൗൺ ഉൾപ്പെടുന്ന ഭാഗം പൂർത്തിയാകാതെ നിൽക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
മലയോര ഹൈവേ നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ 5.30 മീറ്ററായിരുന്നു റോഡിന്റെ വീതി. ഈ സമയത്ത് പയ്യാവൂർ ടൗൺ ഉൾപ്പെടുന്ന ഭാഗത്ത് ആദ്യഘട്ട ടാർ ചെയ്തിരുന്നു. പിന്നീട് വീതി ഏഴ് മീറ്ററായി ഉയർത്തി. ഈ സമയം ടൗണിലെ പല കടകളും പൊളിക്കേണ്ടി വരുമെന്ന അവസ്ഥയുണ്ടായി. ഇതേ തുടർന്നാണ് പയ്യാവൂരിലെ ഈ ഭാഗം ഒഴിച്ച് നിർമാണ പ്രവൃത്തി നടത്തിയത്. നിലവില്‍ പയ്യാവൂർ ടൗൺ മുതൽ പൊന്നുംപറമ്പ് വരെയുള്ള ഭാഗത്തെ റോഡ് പൊട്ടിത്തകർന്ന് യാത്രാ യോഗ്യമല്ലാതായിട്ടുണ്ട്. അടുത്തിടെ ചിലയിടങ്ങളിൽ കുഴിയടക്കൽ നടത്തി. നിർമാണം പൂർത്തിയായ റോഡിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങൾ പൂർത്തിയാകാത്ത ഭാഗത്തേക്ക് പെട്ടെന്ന് കടക്കുമ്പോഴുള്ള അപകടങ്ങളും പതിവാണ്. വെമ്പുവ ജങ്ഷനിലടക്കം വീതി കൂട്ടാതെ നാമമാത്ര ടാറിങ്ങും നടത്തുക മാത്രമാണ് ചെയ്തത്. വീതി കൂട്ടലും രണ്ടാം ടാറിങും നടന്നില്ല. അതിനാൽ പതിവായി ഗതാഗതക്കുരുക്കാണിവിടെ.
ഓവുചാലുകളില്ലാത്തതിനാൽ മഴ പെയ്താൽ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. ചെമ്പേരി പുറഞ്ഞാൺ മുതൽ പയ്യാവൂർ വെമ്പുവ ജങ്ഷൻ വരെയുള്ള ഭാഗത്തും പണി പൂർത്തിയാക്കിയിട്ടില്ല. ഇവിടെ ടാറിങ് നടത്തിയെങ്കിലും ഓവുചാലുകളോ മറ്റ് സൗകര്യങ്ങളോ നിർമിച്ചിട്ടില്ല. മലയോര ഹൈവേയില്‍ പ്രവൃത്തി അവശേഷിക്കുന്ന പുറഞ്ഞാൺ -ചെമ്പേരി -പയ്യാവൂർ -പൊന്നുംപറമ്പ് ഭാഗം നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 64.5 കിലോമീറ്റർ ദൂരത്തിൽ ഉന്നത നിലവാരത്തിലാണ് മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാക്കിയത്. 12 മീറ്റർ വീതി, അതിൽ ഏഴ് മീറ്റർ വീതിയിൽ റോഡ് ബി.എം.ബി.സി. മാനദണ്ഡത്തിൽ ടാർ ചെയ്തു. ചെറുപുഴ, ആലക്കോട്, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ, പായം പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. 237.92 കോടി രൂപ ചെലവിലാണ് നിർമാണം നടത്തിയത്.
മലയോര ഹൈവേയില്‍ പുറഞ്ഞാൺ -ചെമ്പേരി -പയ്യാവൂർ -പൊന്നുംപറമ്പ് വരെയുള്ള 12.4 കിലോമീറ്റർ റോഡാണ് മലയോര ഹൈവേയുടെ നിലവാരത്തിൽ ഉയർത്താതിരുന്നത്. ഇതിൽ പയ്യാവൂർ ടൗൺ മുതൽ പൊന്നുംപറമ്പ് വരെയുള്ള ഭാഗത്തെ റോഡ് ഏറെയും തകർന്ന നിലയിലാണ്. ചിലയിടങ്ങളിൽ അറ്റകുറ്റപ്പണി നാമമാത്രമായി നടത്തി. അവശേഷിക്കുന്ന ഭാഗങ്ങൾ നവീകരിക്കുന്നതിനായി കിഫ്ബി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് റോഡിന്റെ ഡി.പി.ആര് തയാറാക്കാന്‍ കിഫ്ബി അധികൃതര്‍ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.