മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ മു​ന​മ്പു​ക​ട​വി​ല്‍ ബോ​ട്ടി​ങ്ങി​ന്റെ ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തു​ന്നു

മുനമ്പുകടവിലെത്തി കാഴ്ചകൾ കാണാം

ശ്രീകണ്ഠപുരം: സഞ്ചാരികളുടെ മനം കവരാനൊരുങ്ങി മലപ്പട്ടം പഞ്ചായത്തിലെ മുനമ്പുകടവ്. മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 2.75 കോടിയുടെ പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. മലയോര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള പ്രവൃത്തി അന്തിമഘട്ടത്തിലാണ്.

കണ്ണൂരിന്റെ മലയോര മേഖലകളിലേക്കുള്ള കവാടമായി കാണുന്ന മലപ്പട്ടം മുനമ്പുകടവിനെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം.

രണ്ട് ബോട്ടുജെട്ടികള്‍, നാടന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഫുഡ്‌കോര്‍ട്ട്, കരകൗശല ഉല്‍പന്നങ്ങളുടെ നിര്‍മാണം തത്സമയം കാണാനും ഇവ വാങ്ങാനുമായി അഞ്ച് ആര്‍ട്ടിഫിഷ്യല്‍ ആലകള്‍, ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനുള്ള ആംഗ്ലിങ് യാര്‍ഡുകള്‍, മുനമ്പുകടവ് മുതല്‍ കൊവുന്തല വരെ നടപ്പാത, ഇരിപ്പിടങ്ങള്‍, വിശ്രമ കേന്ദ്രം, സൗരോര്‍ജ വിളക്കുകള്‍ തുടങ്ങിയവയാണ് ഇവിടെയുണ്ടാവുക. നടപ്പാത നിര്‍മാണവും സൗന്ദര്യവത്കരണ പ്രവൃത്തിയുമാണ് ബാക്കിയുള്ളത്. ഇവ ഉടന്‍ പൂര്‍ത്തിയാകും.

ബോട്ടുജെട്ടി നിര്‍മാണം ഉള്‍നാടന്‍ ജലഗതാഗത വകുപ്പും അനുബന്ധ നിര്‍മാണങ്ങള്‍ കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എൻജിനീയറിങ് ലിമിറ്റഡുമാണ് ഏറ്റെടുത്ത് നടത്തിയത്. റിവര്‍ ക്രൂയിസം പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവില്‍നിന്ന് ആരംഭിക്കാനിരിക്കുന്ന ബോട്ട് യാത്ര മുനമ്പുകടവിലാണ് അവസാനിക്കുക.

ബോട്ടുയാത്രചെയ്ത് മലപ്പട്ടത്തെത്തുന്ന വിനോദ സഞ്ചാരികളെ പാലക്കയംതട്ട്, പൈതല്‍മല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, പഴശ്ശി ഡാം, മാലിക് ദിനാര്‍ പള്ളി ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും വൈകീട്ട് ബോട്ടുജെട്ടിയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

മലബാറിന്റെ മുഖമുദ്രയായ തെയ്യം ഉള്‍പ്പെടെയുള്ള നാടന്‍ കലകള്‍ ആസ്വദിക്കാനുള്ള സൗകര്യം സജ്ജമാക്കും. റിവര്‍ ക്രൂയിസിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന മറ്റ് പദ്ധതികള്‍ക്കൊപ്പമാണ് മുനമ്പുകടവിലും ഉദ്ഘാടനം നടക്കുക.

Tags:    
News Summary - You can see the sights when you reach Munambukad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.