ശ്രീകണ്ഠപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം ചെങ്ങളായി സ്വദേശികളായ രണ്ട് യുവാക്കളെ എറണാകുളം പനങ്ങാട് എസ്.ഐ ഒ.എസ്. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ചെങ്ങളായി അരിമ്പ്രയിലെ പണിക്കരകത്ത് ഹൗസില്‍ പി. ഷിഫാസ് (30), ചെങ്ങളായി പരിപ്പായിലെ പൂവന്‍കുളത്തില്‍ ഹൗസില്‍ പി.കെ. മുബീന് (21) എന്നിവരാണ് പിടിയിലായത്. മരട് നെട്ടൂരില്‍ ഷിഫാസ് താമസിക്കുന്ന സഫയര്‍ പ്ലാസയില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് എസ്.ഐയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി 7.45ഓടെ പരിശോധനക്കെത്തിയത്.
പരിശോധനയില്‍ ഫ്ലാറ്റിലെ മറ്റൊരു മുറിയില്‍ മുബീനിനെ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മുറിയിലെ കട്ടിലിന്റെ അടിയിലായി കവറില്‍ സൂക്ഷിച്ച ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. സംശയത്തെത്തുടര്‍ന്ന് ഷിഫാസിന്റെയും മുബീനിന്റെയും ദേഹപരിശോധന നടത്തിയപ്പോള്‍ കൂടുതല്‍ എം.ഡി.എം.എ കണ്ടെടുത്തു.
ഷിഫാസ് ധരിച്ചിരുന്ന കറുത്തനിറത്തിലുള്ള ഷോട്സിന്റെ പോക്കറ്റില്‍ നിന്നും മുബീനിന്റെ നിക്കറിന്റെ പോക്കറ്റില്‍ നിന്നുമാണ് എം.ഡി.എം.എ കണ്ടെടുത്തത്. മൊത്തം 26.84 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. കഴിഞ്ഞ ജനുവരി 21ന് ശ്രീകണ്ഠപുരത്ത് മയക്കുമരുന്ന് പിടികൂടാനെത്തിയ പൊലീസ് സംഘത്തെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മുബീന്. ബൈക്കിലെത്തിയ ലഹരിവിരുദ്ധ സ്ക്വാഡംഗങ്ങളായ പൊലീസുകാരെയാണ് ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാള്‍-അടുക്കം റോഡില്‍ മുബീനും കണിയാര്‍വയലിലെ മുഹമ്മദ് റാസിയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഇവരെ അന്നത്തെ ശ്രീകണ്ഠപുരം എസ്.ഐമാരായ കെ. കദീജ, പി.പി. പ്രകാശൻ എന്നിവർ ചേര്‍ന്ന് 23ന് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഷിഫാസില്നിന്ന് എം.ഡി.എം.എ വാങ്ങി സഞ്ചരിക്കുമ്പോഴാണ് പൊലീസ് പിടികൂടാനെത്തിയതെന്നും അതിനാലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും ഇവര്‍ പിടികൂടിയ എസ്.ഐയോട് വെളിപ്പെടുത്തിയിരുന്നു. പ്രതികളെ പിടികൂടിയത് പനങ്ങാട് എസ്.ഐ ശ്രീകണ്ഠപുരം സി.ഐ ടി.കെ. മുകുന്ദനെ വിളിച്ചറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.