കണ്ണൂർ: അത്താഴക്കുന്നിൽ വീണ്ടും തെരുവുനായ് അക്രമണം. വെള്ളിയാഴ്ച കൗസർ സ്കൂളിന് സമീപം മൂന്നുപേർക്ക് കടിയേറ്റു. ബൈത്തുൽ നൂറിൽ സൈബുന്നീസ (55), പത്രവിതരണക്കാരൻ മുബഷീർ (28), അത്താഴക്കുന്നിലെ വീട്ടമ്മ എന്നിവർക്കാണ് കടിയേറ്റത്. അടുക്കള ഭാഗത്ത് നിൽക്കുകയായിരുന്ന സൈബുന്നീസയെ പിന്നിലൂടെ വന്ന് നായ് കാലിൽ കടിക്കുകയായിരുന്നു. സൈബുന്നീസയുടെ മകൻ സിയാദ് രാവിലെ ജോലിക്ക് പോകുന്നതിനിടെ വാഹനത്തിന് മുന്നിലേക്ക് നായ് കുതിച്ചുചാടിയിരുന്നു. ഇതിന് പിന്നാലെയാണ് ആളുകളെ കടിച്ചത്. പത്രവിതരണം കഴിഞ്ഞ് വരുകയായിരുന്ന മുബഷീറിന് ഉച്ചക്ക് 12ഓടെയാണ് കടിയേറ്റത്. കൈക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
അത്താഴക്കുന്നിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞയാഴ്ച അഞ്ചുപേരെ നായ് കടിച്ചിരുന്നു. അത്താഴക്കുന്ന് കല്ലുകെട്ട്ചിറ ഭാഗങ്ങളിൽ കഴിഞ്ഞമാസം വിദ്യാർഥികളെ അടക്കം നിരവധിപേരെ നായ് കടിച്ചു. ഇതിൽ ഗുരുതര പരിക്കേറ്റ മൂന്നുപേർ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സ്കൂൾ വിട്ട് വരുന്ന വിദ്യാർഥികളെ തെരുവുനായുടെ അക്രമണത്തിൽനിന്ന് രക്ഷിക്കുന്നതിനിടെ നാട്ടുകാരനും കടിയേറ്റിരുന്നു.
പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നായ്ക്കൾ അക്രമിക്കുന്നത് പതിവാണ്. ആളൊഴിഞ്ഞ പറമ്പുകളിലും നിർമാണത്തിലിരിക്കുന്ന വീടുകളിലുമാണ് ഇവ തമ്പടിക്കുന്നത്. ഇരുചക്രവാഹന യാത്രികരെയടക്കം അക്രമിക്കുന്ന സംഭവങ്ങളും ഏറെയാണ്. നായ് കുറുകെചാടി നിരവധിപേർക്കാണ് വീണു പരിക്കേറ്റത്. നായ്ക്കളെ ഭയന്നാണ് കുട്ടികൾ മദ്റസയിലേക്കും സ്കൂളിലേക്കും പോകുന്നത്. വാഹനത്തിൽ കുട്ടികളെ കൊണ്ടുവിടേണ്ട അവസ്ഥയാണ് രക്ഷിതാക്കൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.