തളിപ്പറമ്പ്: യുദ്ധം തുടങ്ങുംമുമ്പ് യുക്രെയ്ൻ വിട്ട ആശ്വാസമുണ്ടെങ്കിലും കൂട്ടുകാർ അവിടെ കുടുങ്ങിക്കിടക്കുന്ന വിഷമത്തിലാണ് കുപ്പത്തെ എം.പി. അമൽരാജ്. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് യുക്രെയ്ൻ തലസ്ഥാനമായ കിയവിൽനിന്ന് നാട്ടിലേക്ക് അമൽ മടങ്ങിയത്. എന്നാൽ, സഹപാഠികളും പരിചയക്കാരും തിരികെ വരാനാകാതെ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതോർക്കുമ്പോൾ അമലിന് സങ്കടം സഹിക്കാനാവുന്നില്ല.
യുദ്ധഭീതി നിലനിൽക്കുമ്പോൾ ലഭിച്ച മുന്നറിയിപ്പ് ഗൗരവമായെടുത്ത് നാട്ടിലേക്ക് തിരിച്ചതാണ് അമൽരാജ്. യുദ്ധത്തിന് സാധ്യതയുണ്ട്, അത്യാവശ്യമുള്ളവർ മാത്രം തങ്ങിയാൽ മതിയെന്നും മറ്റുള്ളവർക്ക് നാട്ടിലേക്ക് തിരിച്ചുപോകാമെന്നുമുള്ള അറിയിപ്പ് ലഭിച്ചെങ്കിലും അവിടെ ശാന്തമായതിനാൽ ആരും അത് ഗൗരവമായെടുത്തില്ലെന്ന് അമൽരാജ് പറയുന്നു. സർവകലാശാല അധികൃതരും അത്തരത്തിൽതന്നെ വിശ്വസിപ്പിച്ചു. എങ്കിലും, 23ന് കിയവിൽനിന്ന് ഷാർജ വഴി ഇന്ത്യയിലേക്കുള്ള വിമാനത്തിൽ അമൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
24ന് ഷാർജയിലാണ് റഷ്യ ആക്രമണം തുടങ്ങിയ വിവരം ലഭിക്കുന്നത്. അമൽരാജിന് പിന്നാലെ വിമാനത്താവളത്തിലേക്ക് വന്ന കൂട്ടുകാർ അവിടെ തന്നെ കുടുങ്ങിക്കിടപ്പാണ്. കിയവിലെ ബോഗോമോൾട്സ് നാഷനൽ മെഡിക്കൽ സർവകലാശാലയിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ് അമൽ. ഇവിടെ ഇന്ത്യക്കാരായ ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്നതായി അമൽ പറയുന്നു.
യുദ്ധസാഹചര്യത്തിൽ സുരക്ഷിതരായി കഴിയാനുള്ള ബങ്കറുകളിൽ വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നതെന്നും രക്ഷാപ്രവർത്തനത്തെക്കുറിച്ച് ഒരുവിവരവും ഇല്ലെന്നുമാണ് കൂട്ടുകാർ അമലിനോട് പറയുന്നത്. എംബസിയുടെ ഭാഗത്തുനിന്ന് കർശന നിർദേശമൊന്നും ലഭിക്കാത്തതും സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ സമീപനവുമാണ് പലരും കിയവിൽതന്നെ തുടരാൻ ഇടയാക്കിയതെന്ന് അമൽ പറഞ്ഞു.
അതേസമയം, സാഹചര്യം മുതലെടുത്ത് വിമാനക്കമ്പനികൾ വളരെ വലിയ തുകയാണ് ഈടാക്കിയതെന്നും 65,000 മുതൽ ഒന്നര ലക്ഷം വരെയാണ് ഒരുഭാഗത്തേക്കുള്ള ടിക്കറ്റിനായി ഈടാക്കിയതെന്നും അമൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.