തളിപ്പറമ്പ്: സമഷ്ടിയുടെ ഭാഗമാണ് നമ്മളെല്ലാമെന്ന് ഓര്‍മപ്പെടുത്തുന്ന സിനിമ മനുഷ്യനെ ആത്മപരിശോധനക്ക് വിധേയനാക്കുന്നതാണെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കലകള്‍ക്കൊപ്പം നില്ക്കുന്ന ലോകത്തിലെ മഹത്തായ കലാരൂപമാണ് സിനിമയെന്നും ഇന്നിന്റെ എല്ലാ മണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന കലാരൂപമായി സിനിമ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യസൃഷ്ടികള്‍ വായിക്കുന്നതിനപ്പുറമുള്ള അനുഭൂതിയാണ് സിനിമ നല്‍കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
എം.വി. ഗോവിന്ദന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നടന് തളിപ്പറമ്പ് രാഘവനെ അടൂര്‍ ഗോപാലകൃഷ്ണന് ആദരിച്ചു. ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം നടന് തളിപ്പറമ്പ് രാഘവന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാറിന് നല്കി നിര്‍വഹിച്ചു. ഫെസ്റ്റിവല്‍ ബുള്ളറ്റിന് ബ്ലോക്ക് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കല്‍ പത്മനാഭന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണന് നല്കി പ്രകാശനം ചെയ്തു.
ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍ ചീഫ് കോഓഡിനേറ്റര്‍ നടന് സന്തോഷ് കീഴാറ്റൂര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എ. നിശാന്ത്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ മനോജ് കാന, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി, നിര്‍മാതാവ് രാജന് മൊട്ടമ്മല്‍, ഫെസ്റ്റിവല്‍ ചെയര്മാന് ഷെറി ഗോവിന്ദന് എന്നിവര്‍ പങ്കെടുത്തു. ഈവര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര് പുരസ്കാരം ലഭിച്ച 'ട്രയാംഗിള്‍ ഓഫ് സാഡ്നസ്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.