തളിപ്പറമ്പ്: തളിപ്പറമ്പിന് കാവലായി കാമറക്കണ്ണുകൾ മിഴിതുറക്കുന്നു. മണ്ഡലത്തിൽ 80 ഓളം സ്ഥലത്ത് സ്ഥാപിച്ച 187 കാമറകൾ മന്ത്രി എം.വി. ഗോവിന്ദൻ ഞായറാഴ്ച മയ്യിലിൽ ഉദ്ഘാടനം ചെയ്യും. 'തേർഡ് ഐ' സി.സി.ടി.വി സർവെയ്ലൻസ് സംവിധാനമാണ് ഉദ്ഘാടനം ചെയ്യുന്നത്.
മുൻ എം.എൽ.എ ജെയിംസ് മാത്യുവിന്റെ കാലത്ത് രൂപകൽപന ചെയ്ത പദ്ധതിയിൽ 1.45 കോടി രൂപ ചെലവിൽ 187 കാമറകളും തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മയ്യിൽ എഫ്.എച്ച്.സി എന്നിവിടങ്ങളിൽ കാമറ സംവിധാനത്തോടുകൂടിയ രണ്ട് ആധുനിക തെർമൽ സ്കാനർ യൂനിറ്റുകളും ഉണ്ടാകും. പുഴ സംരക്ഷണം, മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം, കുറ്റകൃത്യം തടയൽ, പ്രധാനപ്പെട്ട കവലകൾ നിരീക്ഷണത്തിൽ കൊണ്ടുവരൽ തുടങ്ങിയവയാണ് 'തേർഡ് ഐ' സി.സി.ടി.വി സർവെയ്ലൻസ് സംവിധാനത്തിലൂടെ സാധിക്കുന്നത്. മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളും രണ്ട് നഗരസഭകളും ഉൾപ്പെടെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ച ശൃംഖലയായാണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച ടവറുകളും ജി.ഐ പോളുകളും സംയുക്തമായി ഉപയോഗിച്ച് സാങ്കേതിക മികവോടെ പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് വിഭാഗമാണ് പദ്ധതി നിർവഹണം നടത്തിയത്.
കാമറ ദൃശ്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് അവരവരുടെ നിയന്ത്രണത്തിലുള്ള മോണിറ്ററിലൂടെ വീക്ഷിക്കാനും റെക്കോഡ് ചെയ്ത് സൂക്ഷിക്കാനും സാധിക്കും. സ്വയംപര്യാപ്തമായ സോളാർ വൈദ്യുതിയും സ്വന്തമായ നെറ്റ്വർക്ക് സംവിധാനവും ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക. ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ആവശ്യകത അനുസരിച്ച് വിവിധ പ്രദേശങ്ങളിലേക്ക് ഈ കാമറ ശൃംഖല വ്യാപിപ്പിക്കാൻ സാധിക്കും. കേന്ദ്രീകൃത സംവിധാനത്തിൽ ഒരു മണ്ഡലത്തിലെ മുഴുവൻ ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കാമറ സംവിധാനം സംസ്ഥാനത്ത് ആദ്യമാണെന്നും തളിപ്പറമ്പ് പ്രസ് ഫോറത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.