കണ്ണൂർ: തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുകയാണ്. കർഷകർക്കും തൊഴിലുറപ്പു തൊഴിലാളികൾക്കുമെല്ലാം കുത്തേൽക്കുന്ന സംഭവങ്ങൾ ഏറെയാണ്. കഴിഞ്ഞദിവസം പറമ്പിലെ പ്ലാവിൽനിന്ന് ചക്ക പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചതാണ് ഒടുവിലത്തേത്.
കണ്ണൂർ കരിമ്പം സ്വദേശി ടി.വി. ചന്ദ്രമതി (70)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പാലങ്ങൾ, ബഹുനില കെട്ടിടങ്ങൾ, വൻമരങ്ങൾ എന്നിവിടങ്ങളിലെല്ലാം തേനീച്ചകളുടെയും കടന്നലുകളുടെയും കൂടുകളുണ്ട്. പറമ്പിൽ പണിയെടുക്കുന്നവർക്കാണ് കൂടുതലായും തേനിച്ചയുടെയും കടന്നലിന്റെയും കുത്തേൽക്കുന്നത്. വനത്തിനോട് ചേർന്ന പ്രദേശങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലുമാണ് ഇവയുടെ വാസം. നഗരപ്രദേശങ്ങളിലും കെട്ടിടങ്ങളിലും കൂടുകൂട്ടുന്നവയുമുണ്ട്.
മാർച്ചിൽ മാലൂർ പുരളിമലയിലെ മച്ചൂർ മലയില്‍ വയോധികൻ തേനീച്ചക്കുത്തേറ്റ് മരിച്ചിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കശുവണ്ടി പെറുക്കാൻ പോയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. ഉദയഗിരിയിൽ പെരുംതേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചത് നാലുവർഷം മുമ്പ്. മൂന്നുപേർക്കാണ് അന്ന് ഗുരുതരമായി പരിക്കേറ്റത്. ഏറെദിവസത്തെ ചികിത്സക്ക് ശേഷമാണ് മൂവരും ആരോഗ്യം വീണ്ടെടുത്തത്. കഴിഞ്ഞവർഷം തളിപ്പറമ്പ് നണിച്ചേരിയിൽ ഇരുചക്രവാഹനയാത്രക്കാരെയടക്കം പത്തിലേറെപേരെ തേനീച്ച ആക്രമിച്ചിരുന്നു. വീടുകൾക്കുള്ളിൽ കയറിയാണ് പലരും രക്ഷപ്പെട്ടത്.
തേനീച്ചകളുടെയും കടന്നലുകളുടെയും കുത്തുകൾ തമ്മിൽ വ്യത്യാസമുണ്ട്. തേനീച്ചകൾ കുത്തുമ്പോൾ അതിന്റെ കൊമ്പ് ഒടിഞ്ഞു ശരീരത്തിൽ കയറും. കൊമ്പിനോടൊപ്പം വിഷസഞ്ചിയും വയറിന്റെ കുറച്ചു ഭാഗവും ശരീരത്തിലെത്തും.
കുത്തിയ ശേഷം തേനീച്ചകൾ ചത്തുപോകും. കൊമ്പിൽ എതിർദിശയിലേക്ക് നീണ്ടിരിക്കുന്ന മുള്ളുകൾ ഉള്ളതിനാൽ വലിച്ചൂരിയെടുക്കാൻ ബുദ്ധിമുട്ടാണ്. ഇത്തരം മുള്ളുകൾ ഇല്ലാത്തതിനാൽ കടന്നലുകൾ കൂടുതൽ തവണ കുത്താൻ സാധ്യതയേറെയാണ്. ഒന്നോ രണ്ടോ കുത്തുകൾ അത്ര അപകടകരമാകാറില്ല. വേദനയും ചൊറിച്ചിലും അടക്കമുള്ള അസ്വസ്ഥതകൾ അനുഭവപ്പെടും.
കഴുത്തിന് മുകളിൽ കുത്തേറ്റാൽ അപകടകരമാണ്. ഒന്നിലേറെ തവണയുണ്ടാകുന്ന കുത്തുകൾ മരണത്തിനുവരെ കാരണമാകും. തലകറക്കവും ബോധക്ഷയവും തുടങ്ങി ശ്വാസനാളിയിൽ നീർവീക്കവും ശ്വാസതടസ്സവുമുണ്ടായി ജീവൻ അപകടത്തിലാകും.
തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റാൽ നിസ്സാരമായി കരുതരുത്. പ്രായമായവർക്കും ഗർഭിണികൾക്കും കുട്ടികൾക്കും ഹൃദയസബന്ധമായ അസുഖം ഉള്ളവർക്കും കുത്തേറ്റാൽ അപകടസാധ്യതയേറെയാണ്. ആവശ്യമാണെങ്കിൽ സി.പി.ആർ നൽകണം. ഉടൻ വൈദ്യസഹായം തേടണം. കുത്തേറ്റ ഭാഗത്ത് ഐസ് വെച്ചാൽ നീരുകുറയും.
തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷവും വനത്തിനുപുറത്താണെങ്കിൽ രണ്ടുലക്ഷവും നഷ്ടപരിഹാരമായി ലഭിക്കും. വനത്തിന് പുറത്ത് കുത്തേൽക്കുന്നവർക്കും നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാണ് കർഷകരുടെയും മലയോര ജനതയുടെയും ആവശ്യം. നിലവിലെ നിയമപ്രകാരം നഷ്ടപരിഹാരം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രം പ്രയോജനം ചെയ്യുന്നതാണെന്ന് കർഷകർ ആരോപിക്കുന്നു. വിവിധ സംസ്ഥാനങ്ങൾ വന്യജീവി ആക്രമണത്തിനിരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കുമ്പോഴാണ് കേരളത്തിൽ വെട്ടിക്കുറക്കുന്നതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.