കണ്ണൂർ: ബി.ജെ.പി നിയന്ത്രണത്തിലുള്ള പഴയങ്ങാടി ലേബർവെൽഫയർ കോഓപറേറ്റിവ് സൊസൈറ്റിയിൽ വൻ ക്രമക്കേടെന്നും നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഡയറക്ടറും ബി.ജെ.പി ജില്ല കമ്മിറ്റിയംഗവുമായ മണിയമ്പാറ ബാലകൃഷ്ണൻ. ചട്ടവിരുദ്ധമായി സെക്രട്ടറി പ്രവർത്തിച്ചതിനെ ചോദ്യം ചെയ്ത കാരണത്താൽ തനിക്കെതിരെ പൊലീസിൽ കള്ളക്കേസ് നൽകിയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സൊസൈറ്റിയിൽ നടക്കുന്ന വായ്പ വിതരണത്തിൽ വൻ ക്രമക്കേടുകളാണ് നടന്നത്. ഡയറക്ടർ ബോർഡ് അംഗങ്ങളായ താനുൾപ്പെടെ അറിയാതെയാണ് സെക്രട്ടറി വായ്പകൾ ചട്ടവിരുദ്ധമായി അനുവദിച്ചത്. ലക്ഷങ്ങളാണ് ഇത്തരത്തിൽ വായ്പ കൊടുത്തത്. ഈ തുക പലരും തിരിച്ചടച്ചിട്ടില്ല. സൊസൈറ്റിയുടെ അധികാര പരിധിക്കപ്പുറമുള്ള പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് പോലും ബിനാമി പേരിൽ വായ്പ നൽകി. സഹകരണ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. അനധികൃതമായി വായ്പ നൽകിയതും തിരിച്ചടവില്ലാത്ത കാര്യവും തുറന്നു പറഞ്ഞതിനാണ്, അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വനിത സെക്രട്ടറി തനിക്കെതിരെ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയത്.
ഈ കാര്യം ബി.ജെ.പി ജില്ല പ്രസിഡന്റിനോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ല. പാർട്ടിയിലെ വിവിധ വേദികളിൽ ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ല. ഇതാണ് നിലപാടെങ്കിൽ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവവെക്കുമെന്നും ബാലകൃഷ്ണൻ പറഞ്ഞു. ചില ഡയറക്ടർമാരും പ്രസിഡന്റും കൂട്ടു ചേർന്നാണ് എല്ലാം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പതിനെട്ടാമത്തെ വയസ്സിൽ ആർ.എസ്.എസ് പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയയാളാണ് താൻ. ബി.ജെ.പി രൂപവത്കരിച്ചതുമുതൽ പാർട്ടിയിലുണ്ട്. ക്രമക്കേടുകൾ പുറത്തു പറയുമ്പോൾ പുറത്താക്കുമെന്നാണ് പാർട്ടി നേതൃത്വം പറയുന്നതെന്നും ബാലകൃഷ്ണൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.