കണ്ണൂർ: ഒരു സ്വപ്നത്തിെൻറ മാത്രം പിൻബലത്തിൽ ഈജിപ്തിലെ പിരമിഡുകൾക്കിടയിൽ നിധിയുണ്ടെന്ന വിശ്വാസത്തിൽ യാത്രതിരിച്ച സാൻറിയാഗോ എന്ന ഇടയബാലനാണ് കുഞ്ഞു ഡാനിഷിെൻറ ഇഷ്ട കഥാപാത്രം. പൗലോ കൊയ്ലോ എഴുതിയ ദി ആൽക്കെമിസ്റ്റിെൻറ രാഷ്ട്രീയമോ സങ്കീർണതകളോ ഈ ഏഴാം ക്ലാസുകാരന് അറിയില്ല. പക്ഷെ സാൻറിയാഗോ എന്ന ഇടയബാലനെ ഉണർത്തിയ അതേ സ്വപ്നങ്ങളാണ് ഡാനിഷിെൻറയും ഉറക്കം നഷ്ടപ്പെടുത്തിയത്.
പ്രതിസന്ധികളോട് സന്ധിചെയ്യാതെ എഴുത്ത് തുടങ്ങിയ പൗലോ ഒരായിരംവട്ടമെങ്കിലും ഡാനിഷിന് പ്രചോദനമായിട്ടുണ്ട്. ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച് ചലനശേഷി നഷ്ടമായ ഈ മാലാഖക്കുരുന്ന് സ്വന്തമായി എഴുതിയ പുസ്തകം 'ചിറകുകൾ' പ്രകാശനത്തിനൊരുങ്ങുകയാണ്. തെൻറ 12ാം വയസ്സിൽ എഴുതിയ 10 കഥകളാണ് പുസ്തകത്തിലുള്ളത്. നമ്മുടെ ജീവിതത്തിൽ രണ്ടു ചിറകുകളുണ്ടെന്നാണ് ഡാനിഷ് പറയുന്നത്. ഒന്ന് നമ്മുടെ കഴിവുകളും മറ്റൊന്ന് അതിനെ പ്രോത്സാഹിപ്പിക്കുന്ന നല്ല മനുഷ്യരുമാണ്.
അങ്ങനെയൊരുകൂട്ടം നല്ല മനുഷ്യരുടെ പിന്തുണയിലാണ് 'ചിറകുകൾ' അക്ഷരലോകത്ത് പറക്കാൻ ഒരുങ്ങുന്നത്. ഒന്നരവയസ്സിൽ ബംഗളൂരുവിലെ ആശുപത്രിയിൽ എസ്.എം.എ സ്ഥിരീകരിക്കപ്പെടുേമ്പാൾ ജീവിതത്തിലൊരിക്കലും കുഞ്ഞുഡാനിഷിന് എഴുതാനോ ചലിക്കാനോ കഴിയില്ലെന്നാണ് ഡോക്ടർമാർ ഉറപ്പിച്ചുപറഞ്ഞത്. ഉറച്ച നിശ്ചയദാർഢ്യവും മുടങ്ങാത്ത ഫിസിയോതെറപ്പികളുമാണ് ഇന്നുകാണുന്ന തരത്തിലേക്ക് മാറ്റിയെടുത്തത്.
മുത്തലിബിനും നിഷാനക്കും ഉറപ്പായിരുന്നു തങ്ങളുടെ മകൻ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നുവരുമെന്ന്. സ്നേഹവും കരുതലുമായി അവർ കൂടെനിന്നു. അങ്ങനെയാണ് കാഞ്ഞിരോട് അൽഹുദ ഇംഗ്ലീഷ് സ്കൂളിൽ ചേരുന്നത്. ചലിക്കാനാവാതെ വീൽചെയറിൽ കഴിയവെ മൊബൈൽഫോൺ ഗെയിമുകൾക്ക് അടിമയായ ഡാനിഷിനെ വായനയിലേക്ക് കൊണ്ടുവരാൻ ഉപ്പ മുത്തലിബാണ് കലാമിെൻറ അഗ്നിച്ചിറകുകൾ സമ്മാനിച്ചത്. അതൊരു തുടക്കമായിരുന്നു.
ഒറ്റയിരിപ്പിൽ കലാമിനെ വായിച്ചുതീർത്തു. പിന്നീട് വരുേമ്പാഴെല്ലാം മുത്തലിബിെൻറ ൈകയിൽ ഒരുകൂട്ടം പുസ്തകങ്ങളുണ്ടായിരുന്നു. കുടുക്കിമെട്ട നവോദയ വായനശാലയിലെ പേരറിയാത്ത ലൈബ്രേറിയൻ തെൻറ കുഞ്ഞുവായനക്കാരനായി പുസ്തകങ്ങൾ നൽകിക്കൊണ്ടേയിരുന്നു. ആറാം ക്ലാസിൽ പഠിക്കുേമ്പാൾ ആദ്യമായെഴുതിയ കഥ 'അതിജീവനത്തിെൻറ വഴിത്തിരിവ്' സ്കൂളിലും ചർച്ചവിഷയമായി. പ്രിൻസിപ്പൽ സുബൈദയാണ് കഥകൾ നിറഞ്ഞൊരു പുസ്തകമെന്ന ആശയം മുന്നോട്ടുവെച്ചത്. അങ്ങനെയാണ് ചിറകുകൾ പിറക്കുന്നത്. നാട്ടുകാരനും എഴുത്തുകാരനുമായ നജീബ് കാഞ്ഞിരോടും പിന്തുണയുമായി കൂടെനിന്നു.
സ്ഥിരമായി വീൽചെയറിലായതിനാൽ ഡാനിഷിെൻറ നട്ടെല്ലിനടക്കം ബുദ്ധിമുട്ടുകളുണ്ട്. വേദന മറന്ന് കിടന്നും ഇരുന്നുമാണ് അധ്യായങ്ങൾ എഴുതിത്തീർത്തത്. എല്ലാത്തിനുമൊടുവിൽ ഡിസംബർ നാലിന് പായൽ ബുക്സ് ചിറകുകൾ പുറത്തിറക്കും. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ മുത്തലിബ് മകെൻറ ആഗ്രഹം സഫലമാക്കാനുള്ള ഓട്ടത്തിലാണ്. പുസ്തകം പുറത്തിറങ്ങുന്ന സന്തോഷത്തിലാണ് ഡാനിഷ്. കുഞ്ഞനിയൻ ഹാനി ദർവിഷും കൂട്ടിനായുണ്ട്. പ്രഭാതങ്ങളും സായാഹ്നങ്ങളും നിറഞ്ഞ ജീവിതത്തിെൻറ എല്ലാ തലങ്ങളും തൊട്ടുരുമ്മിയുള്ള രചനകളാണ് ഡാനിഷിേൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.