കണ്ണൂർ: തേങ്ങയും റബറും കൈയൊഴിഞ്ഞ കർഷകർക്ക് ആശ്വാസമായി 600 കടന്ന കുരുമുളക് വില തിരിച്ചിറങ്ങിത്തുടങ്ങി. വർഷങ്ങൾക്ക് ശേഷമാണ് കുരുമുളക് വില 600 കടക്കുന്നത്. ജില്ലയിൽ കഴിഞ്ഞയാഴ്ച 600 മുതൽ 620 വരെ വില ലഭിച്ചിരുന്നു. ഇപ്പോൾ കിലോക്ക് 590 രൂപയായി കുറഞ്ഞിരിക്കുകയാണ് കറുത്തപൊന്നിന്. കഴിഞ്ഞമാസം വില ഉയർന്നപ്പോൾ ഇറക്കുമതി വർധിച്ചതോടെയാണ് ഇപ്പോൾ വില ഇടിഞ്ഞു തുടങ്ങിയത്.
ഇറക്കുമതിക്ക് സർക്കാർ നിശ്ചയിച്ച മിനിമം വിലയായ 500 രൂപയും തീരുവയും അടക്കം നോക്കിയാലും ശ്രീലങ്ക, ബ്രസീൽ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കുരുമുളക് എത്തിച്ചാലും കച്ചവടക്കാർക്ക് ലാഭമാണ്. കുരുമുളകിന് ഏറെ ആവശ്യക്കാരുള്ള ഉത്തരേന്ത്യൻ വിപണികളിൽ വിദേശ കുരുമുളക് എത്തിത്തുടങ്ങിയിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം കുരുമുളക് വിലയില്‍ വന്‍ കുതിപ്പ് ഉണ്ടായതോടെ വലിയ ആശ്വാസത്തിലായിരുന്നു കര്‍ഷകര്‍. 2021ൽ 400 രൂപയിൽ താഴെയായിരുന്നു വിപണിവില. 2022ൽ അഞ്ഞൂറിലെത്തി തിരിച്ചിറങ്ങി. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് മഴ കുറഞ്ഞതോടെ ഉൽപാദനം വൻതോതിൽ ഇടിഞ്ഞതാണ് ഇപ്പോൾ വില വർധിക്കാൻ കാരണമായത്. ജൂണിൽ 460-475 രൂപ വരെ ലഭിച്ചിരുന്ന കുരുമുളകിന് ജൂലൈയിലാണ് വില അഞ്ഞൂറ് കടന്നത്.
ഇനിയും വില ഉയരുമെന്ന വിലയിരുത്തലിൽ വൻകിട മസാലക്കമ്പനികൾക്കും കയറ്റുമതിക്കുമായി മൊത്തകച്ചവടക്കാർ കുരുമുളക് വാങ്ങിവെച്ചതിനാൽ വില വീണ്ടും വർധിച്ചു. ആഗസ്റ്റ് അവസാനത്തോടെ അറന്നൂറിലേക്കെത്തി. ഇതിന് പിന്നാലെയാണ് ഒരാഴ്ചക്കുള്ളിൽ 20 രൂപയോളം കുറഞ്ഞത്.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകിന് ടണ്ണിന് 7500 ഡോളറാണ് വില. ഏറ്റവും ഉയർന്ന വിലയും ഇതുതന്നെ. വിയറ്റ്നാം, ബ്രസീൽ, ഇന്ത്യോനേഷ്യ രാജ്യങ്ങളിൽനിന്നുള്ള കുരുമുളകിന് 3,500 -3,600 ഡോളറാണ് വില. വിലക്കയറ്റം തുടർന്നതോടെ ഇന്ത്യൻ കുരുമുളകിനേക്കാൾ കുറഞ്ഞ വിലക്ക് വിദേശത്തുനിന്ന് കുരുമുളക് ഇറക്കുമതി വ്യാപകമായതോടെ വിലയിടിഞ്ഞുതുടങ്ങി. കറുത്ത പൊന്നിന്റെ നല്ലകാലം തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.
മിക്കവാറും കർഷകർ കുരുമുളക് വിറ്റൊഴിച്ചതിനാൽ വിലവർധനയുടെ ഗുണം കൂടുതൽ പേർക്കും ലഭിച്ചില്ല. അഞ്ചുവർഷംമുമ്പ് ഒരുകിലോ കുരുമുളകിന് 700 രൂപവരെ ലഭിച്ചിരുന്നു. ആ വിലയിലേക്ക് എത്തുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ.
കഴിഞ്ഞവർഷം സെപ്റ്റംബറിലേത് പോലെ പഴയ അടക്കവില ഈ വർഷവും 400 കടന്നെങ്കിലും താമസിയാതെ തിരിച്ചിറങ്ങി. നിലവിൽ 380 മുതൽ 390 വരെയാണ് വില. ആഗസ്റ്റ് അവസാനം നല്ല അടക്കക്ക് 410 വരെ വില ലഭിച്ചിരുന്നു. 2021 ഡിസംബറിൽ അഞ്ഞൂറിന് അടുത്തെത്തിയിരുന്നു അടക്ക വില. ദീപാവലി, നവമി ആഘോഷങ്ങളുടെ ഭാഗമായി അടക്ക വില വർധിക്കാറുണ്ട്. ഈ വർഷം ഉത്പാദനം കുറവാണെങ്കിലും അടക്കവില വർധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.