കണ്ണൂര്‍: പൊലീസ് ക്ലബിൽനിന്ന് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പാലക്കാട് മീനാക്ഷിപുരം ചെറുനിലയം ഹൗസില്‍ രതീഷിനെ (32) യാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പി.എ. ബിനുമോഹന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇരിക്കൂറില്നിന്നാണ് ഇയാൾ പിടിയിലായത്. ആറ് മാസമായി ഇവിടെ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു പ്രതി.
പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് തന്നെ പൊലീസ് വളപ്പിൽനിന്ന് മോഷണം പോയത് സേനയിൽ ഞെട്ടലുണ്ടാക്കിയിരുന്നു. അഭിമാന പ്രശ്നമായ കേസിൽ 48 മണിക്കൂറിനകമാണ് പ്രതിയെ വലയിലാക്കിയത്. കണ്ണൂർ, തലശ്ശേരി നഗരങ്ങളിലെയും ജില്ലാതിർത്തികളിലെയും നൂറിലേറെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ടൗണിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാളുടെ രൂപം പതിഞ്ഞിരുന്നു.
ചൊവ്വാഴ്ച രാത്രി ടൗണ്‍ സ്റ്റേഷന് സമീപത്തെ പൊലീസ് ക്ലബ് വളപ്പില്‍ നിര്‍ത്തിയിട്ട ബൈക്കാണ് മോഷണം പോയത്. ലോക്ക് പൊളിച്ച് ബൈക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതിക്കെതിരെ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിൽ വിവിധ കേസുകളുണ്ട്. തമിഴ്നാട് അവിനാശിപാളയം സ്റ്റേഷനിൽ മോഷണം അടക്കം മൂന്ന് കേസുകളിലും ബംഗളൂരുവിൽ വാഹനം മോഷ്ടിച്ച് പൊളിച്ചുവിറ്റതിലും പ്രതിയാണ്. തമിഴ്നാട്ടിൽ ബീവറേജ് ഔട്ട്ലെറ്റ് പൊളിച്ചതിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു.
കേരളത്തില്‍ ആദ്യത്തെ കേസാണിത്. ഇരിക്കൂർ ഭാഗത്ത് അടക്കം ഈയിടെ നടന്ന വാഹന മോഷണ കേസുകളിൽ ഇയാൾക്കുള്ള പങ്ക് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും ആറ് മാസത്തിനിടെ നടന്ന മോഷണക്കേസുകൾ പരിശോധിക്കുമെന്നും ഇൻസ്പെക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.