പാടിയോട്ടുചാല്‍: മഴക്കെടുതിക്കിടെ വൈദ്യുതി മുടങ്ങാതിരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും പെരിങ്ങോം അഗ്നിരക്ഷാസേനയുടെ ശക്തമായ ഇടപെടല്‍. വൈദ്യുതി ലൈനുകളിലേക്ക് പൊട്ടിവീണ മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റിയും അപകടസ്ഥിതിയിലുള്ളവയുടെ കൊമ്പുകള്‍ നീക്കം ചെയ്തുമാണ് മഴക്കാലത്ത് വൈദ്യുതി മുടങ്ങാതിരിക്കാനും വഴിയാത്രക്കാര്‍ അപകടത്തിൽപെടാതിരിക്കാനും പെരിങ്ങോം സേനാംഗങ്ങള്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നത്. കഴിഞ്ഞദിവസം കാങ്കോല്‍ മഞ്ചപ്പറമ്പ്, ഓലയമ്പാടി, അരവഞ്ചാല്‍ എന്നിവിടങ്ങളില്‍ വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണ മരങ്ങള്‍ ഉടൻ മുറിച്ചുനീക്കി അഗ്നിരക്ഷാസേനാംഗങ്ങള്‍ അപകടം ഒഴിവാക്കി.
സമാനമായി ഞായറാഴ്ച പകല്‍ ഉമ്മറപ്പൊയില്‍ ടൗണിലുള്‍പ്പെടെ അപകടസ്ഥിതിയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുനീക്കാനും അഗ്നിരക്ഷാസേന ഇടപെട്ടു. വൈദ്യുതി ലൈനിലേക്ക് വീഴുമായിരുന്ന മരങ്ങളാണ് ഇത്തരത്തില്‍ നീക്കം ചെയ്തത്. ജനപ്രതിനിധികളും നാട്ടുകാരും സേനാംഗങ്ങള്‍ക്കൊപ്പം സഹകരിച്ചു.
അഗ്നിരക്ഷാസേനാംഗങ്ങളുടെ അടിയന്തര ഇടപെടല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ അധ്വാനിക്കുന്ന വൈദ്യുതി ജീവനക്കാര്‍ക്കും ആശ്വാസമാണ്. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ പൊട്ടിവീണ് വൈദ്യുതി കാലുകൾ തകരുന്നതുമൂലം കെ.എസ്.ഇ.ബിക്ക് കനത്ത നഷ്ടമാണുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.