കണ്ണൂർ: നാടെങ്ങും പച്ചപ്പൊരുക്കാൻ വനം-വന്യജീവി വകുപ്പിന്റെ വൃക്ഷത്തൈകൾ തയാറായി. റമ്പൂട്ടാൻ, കറിവേപ്പ്, ഞാവൽ, ആര്യവേപ്പ്, മാതളം, പ്ലാവ്, നെല്ലി, വാളൻപുളി, നാരകം, തേക്ക് തൈ, മാവ്, സപ്പോട്ട, ചെറുനാരകം, കണിക്കൊന്ന, കുടംപുളി, ചെമ്പകം, ഇലഞ്ഞി, മുരിങ്ങ, മുള, മുള്ളാത്ത, നീർമരുത്, പനീർചാമ്പ, തേക്ക് സ്റ്റമ്പ്, മണിമരുത്, ബദാം, ഇരുമ്പൻപുളി, അമ്പഴം, അരിനെല്ലി, ഉങ്ങ്, ഈട്ടി, അശോകം, ചന്ദനം, രക്തചന്ദനം, ദന്തപ്പാല, കൂവളം, തമ്പകം, കറുവ, ഇടന, പാച്ചോറ്റി, ആഞ്ഞിലി, പതിമുഖം, മഞ്ചാടി, ചൂരക്കാലി, ചമത, കരിങ്ങാലി, താന്നി, സിൽവർ ഓക്ക്, പൂവരശ്, കുന്നിവാക, കാട്ടുങ്ങ്, വേറ്റിവേർ, പൂമരുത്, അകിൽ, കാറ്റാടി, ലയാങ്ങി, മൈല, പുന്ന, തത്തിരി, ഇലിപ്പ, തെക്കോമ, പൂവം, വേങ്ങ, കുമ്പിൾ, ജക്രാന്ത, പെൽറ്റഫോറ എന്നിങ്ങനെ 65ഇനം തൈകളാണ് ജൂൺ അഞ്ചുമുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെ ലഭ്യതയനുസരിച്ച് വിതരണം ചെയ്യുക. വിതരണത്തിന് ഇതിനോടകം ആകെ 20,91,200 തൈകൾ തയാറായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവക്ക് സൗജന്യമായി വൃക്ഷതൈ വിതരണം ചെയ്യും.
വരുന്ന മൂന്നു വർഷങ്ങളിൽ വൃക്ഷത്തൈ നട്ടുപരിപാലിക്കുമെന്ന് ഉറപ്പുവരുത്തി സർക്കാറിതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും. ഇത്തരത്തിൽ തൈകൾ അതത് വനം വകുപ്പ് നഴ്സറികളിൽ നിന്നും ജൂൺ അഞ്ചുമുതൽ 2023 ജൂലൈ ഏഴുവരെ നേരിട്ട് കൈപ്പറ്റാം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്കരണത്തിന് വിവിധ തൈ ഇനങ്ങളാണ് വകുപ്പ് ഇക്കുറിയും സജ്ജമാക്കിയതെന്ന് വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം മേധാവി ഇ. പ്രദീപ്കുമാർ പറഞ്ഞു.
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാട്ടുമാവുകളും നാട്ടുമാവുകളും സംരക്ഷിക്കുന്നതിന് സാമൂഹിക വനവത്കരണ വിഭാഗം ‘നാട്ടുമാവും തണലും’ എന്ന പദ്ധതിയും ആവിഷ്കരിച്ചു. കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ വന്യജനുസ്സുകൾ കണ്ടെത്തി വിത്തുശേഖരിച്ച് മുളപ്പിച്ച് കൂടത്തൈകളാക്കി സ്ഥല ലഭ്യതയുള്ള പാതയോരങ്ങളിൽ നട്ടുവളർത്തുന്നതാണ് പദ്ധതി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 10ന് കാക്കൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും.റോഡ് വികസനവുമായി ബന്ധപ്പെട്ട് മാവുകൾ മാറ്റപ്പെട്ടയിടങ്ങളിൽ സഞ്ചാരികൾക്ക് തണലേകുന്ന വിധത്തിൽ പകരമായി മാവിൻ തൈകൾ നട്ടുവളർത്താനും പദ്ധതി വഴി ഉദ്ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.