എടക്കാട്: ദേശീയപാത നിർമാണത്തോടനുബന്ധിച്ച് എടക്കാട് ടൗൺ മേഖലയിൽ മാസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും അപകടസാഹചര്യവും അതീവ രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാർ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
സർവകക്ഷി കൂട്ടായ്മായ എടക്കാട് ടൗൺ ട്രാഫിക് ജാഗ്രത സമിതി വിളിച്ചു ചേർത്ത ബഹുജന യോഗത്തിൽ, അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ സമരപരിപാടികൾ തുടങ്ങാൻ തീരുമാനമായി. സർവിസ് റോഡിന്റെ ടാറിങ് പൂർത്തീകരിക്കുക, പുതിയ ഹൈവേ ട്രാക്കിലൂടെ ദീർഘദൂര വാഹനങ്ങളെ കടത്തി വിട്ടിരുന്നത് ഒന്നര മാസത്തേക്ക് നിരോധിച്ച തീരുമാനം പിൻവലിക്കുക, എടക്കാട് അണ്ടർ പാസിന് സമീപം സർവിസ് റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക, ഹൈവേയിലെ ബസ് സ്റ്റോപ്പുകൾ ശാസ്ത്രീയമായി നിർണയിക്കുകയും കണ്ണൂർ-തലശ്ശേരി റൂട്ടിലെ ബസുകളുടെ ഓട്ടം സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുകയും ചെയ്യുക, ബസാറിലെ അനധികൃത പാർക്കിങ് തടയുക, ട്രാഫിക് പ്രശ്നം തീരുന്നത് വരെ ടൗണിൽ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ദേശീയപാത അതോറിറ്റി, ജില്ല റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി, പൊലീസ് അധികൃതർ എന്നിവരോട് ജാഗ്രതാ സമിതി ഉന്നയിച്ചു.
ജനങ്ങളുടെ ദുരിതത്തിന് മേൽ മറ്റൊരു പ്രഹരമായി ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് അടിച്ചേൽപിച്ചത് അപലപനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
എടക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ സമിതി ചെയർപേഴ്സനും കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.വി. പ്രേമവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.വി. ജയരാജൻ, സി.എ. പത്മനാഭൻ, സി.പി. മനോജ്, മഗേഷ് എടക്കാട്, പി. അബ്ദുൽ മജീദ്, കെ. ശിവദാസൻ മാസ്റ്റർ, അബൂട്ടി പാച്ചാക്കര, സി.എം. സജേഷ്, ആർ. ഷംജിത്ത്, കെ.ടി. റസാഖ്, എ. ദിനേശൻ നമ്പ്യാർ, ഒ. സത്യൻ, ജാഗ്രത സമിതി കൺവീനർ എം.കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.