പേരാവൂർ (കണ്ണൂർ): ആദിവാസി വയോധികയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കോളയാട് പെരുവ ചെമ്പുക്കാവിലെ കരീക്കല്‍ കുംഭ (80)യെയാണ് പത്തുദിവസം മുമ്പ് കാണാതായത്. അന്വേഷണത്തിന്റെ ഭാഗമായി പേരാവൂര്‍ പൊലീസും അഗ്നിരക്ഷാസേനയും ഇന്നലെ പ്രദേശത്തെ പെരുവ പുഴയില്‍ തെരച്ചില്‍ നടത്തി.
കുംഭ പുഴയുടെ മറുകരയിലുള്ള വയലില്‍ പോകാന്‍ സാധ്യതയുള്ളതിനാല്‍ പുഴയില്‍ ഒഴുക്കില്പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിലാണ് ചെമ്പുക്കാവ് മുതല്‍ ചങ്ങല ഗേറ്റ് വരെയുള്ള ഭാഗത്ത് പുഴയില്‍ തെരച്ചില്‍ നടത്തിയത്. എ.എസ്.ഐമാരായ എം.വി. കൃഷ്ണന്, എം. രാജീവ്, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ എ.ജെ. ജയിംസ്, അഗ്നിരക്ഷാനിലയം ഓഫിസര്‍ സി.ശശി എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്.
ആറു മക്കളുള്ള കുംഭ ഓരോ മക്കളുടെയും വീടുകളില്‍ മാറിമാറി താമസിക്കാറാണു പതിവ്. ഈ മാസം പത്തിന് രാവിലെ മകന് അശോകന്റെ വീട്ടില്‍നിന്ന് മടങ്ങുകയും മറ്റൊരു മകളുടെ വീട്ടിലെത്തി അവിടെ കുറച്ചുസമയം ചെലവഴിക്കുകയും ചെയ്തു. അവിടെനിന്ന് ഒരു ബന്ധുവിന്റെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ കുംഭയെ വൈകുന്നേരംവരെ നാട്ടുകാരില്‍ ചിലര്‍ കണ്ടതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.14ന് ബാങ്കില്‍നിന്ന് ക്ഷേമപെന്ഷന് നല്‍കാനെത്തിയപ്പോഴാണ് കുംഭയെ കാണാനില്ലെന്ന് ബന്ധുക്കള്‍ മനസിലാക്കുന്നത്. പൊലീസും നാട്ടുകാരും വനംവകുപ്പ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ വനത്തിലുള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.