കണ്ണൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ തൂക്കത്തിലും ഗുണനിലവാരത്തിലും വന്‍ ക്രമക്കേട് കണ്ടെത്തി.
വിജിലന്‍സ് സംസ്ഥാന വ്യാപകമായി ഓപറേഷന്‍ ക്ലീൻ കിറ്റ് എന്നപേരില്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് കണ്ണൂർ, തലശ്ശേരി താലൂക്കുകളിലെ റേഷന്‍ കടകളിലും സൈപ്ലകോയുടെ കിറ്റ് പാക്കിങ് കേന്ദ്രങ്ങളിലും പരിശോധിച്ചത്. സാധനങ്ങളുടെ അളവില്‍ വന്‍ കുറവ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പഞ്ചസാര, വെല്ലം, നുറുക്ക് ഗോതമ്പ് തുടങ്ങി മുഴുവന്‍ സാധനങ്ങളുടെ പാക്കറ്റുകളിലും തൂക്കത്തില്‍ കുറവ് ഉള്ളതായി റെയ്ഡിന് നേതൃത്വം നല്‍കിയ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് പറഞ്ഞു.
ഏറ്റവും ഗുണനിലവാരം കുറഞ്ഞ വെല്ലമാണ് കിറ്റിലുള്ളത്. അതാണെങ്കില്‍ ഒരു കിലോ തൂക്കത്തിനു പകരം 850 ഗ്രാം മുതല്‍ 900 ഗ്രാം വരെ മാത്രമാണുള്ളതെന്നും കണ്ടെത്തി. വെല്ലം വിതരണം ചെയ്ത കമ്പനിയെക്കുറിച്ചോ ഉല്‍പാദനത്തെക്കുറിച്ചോ ഒരു വിവരവും കിറ്റ് പാക്കിങ് നടത്തിയ കേന്ദ്രങ്ങളിലോ പാക്കറ്റുകളിലോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനയില്‍ ഡിവൈ.എസ്.പിക്കു പുറമെ വിജിലന്‍സ് സി.ഐ എ.വി. ദിനേശന്‍, എസ്.ഐമാരായ അരുണാനന്ദ്, പങ്കജാക്ഷന്‍, ജഗദീഷ്, വിനോദ്, ബാബു എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.