കണ്ടോത്ത് പ്രിയദർശിനി മന്ദിരം തകർത്ത നിലയിൽ

അക്രമം; ഇരുനൂറോളം പേർക്കെതിരെ കേസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ അരങ്ങേറിയ അക്രമസംഭവങ്ങളിൽ ഇരുനൂറോളം സി.പി.എം-കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

ഡി.വൈ.എഫ്.ഐ-യൂത്ത്കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയ ഇരിട്ടിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ സിദ്ധാർഥദാസ്, ഷംജിത്ത്, അമൽ, അമൽകുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുമേഷ്, സോനു, ഷാനിദ്, ബഷീർ, ശരത്ത് തുടങ്ങിയ 120ഓളം പ്രവർത്തകർക്കെതിരെ കേസെടുത്തു. സംഘർഷത്തിൽ പൊലീസുകാരനും സ്ത്രീയുമടക്കം 17ഓളം പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് ദിവസത്തിനിടെ 13 ഇടങ്ങളിലാണ് അക്രമസംഭവമുണ്ടായതെന്ന് സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോ 'മാധ്യമ'ത്തോട് പറഞ്ഞു.

അതിനിടെ, കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ചൊവ്വാഴ്ചയും ആക്രമണമുണ്ടായി. പേരാവൂരും ചക്കരക്കല്ലും പയ്യന്നൂരും ഓഫിസുകൾ തകർത്തു. കണ്ടോത്ത് പ്രവർത്തിക്കുന്ന പ്രിയദർശിനി മന്ദിരവും കോറോം നോർത്തിൽ രാജീവ് ഗാന്ധി സ്തൂപവും തകർക്കപ്പെട്ടു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യാഗൃഹവും ഡി.സി.സി ഓഫിസും ആക്രമിച്ച സംഭവത്തിൽ അന്വേഷണം നടത്തി യഥാർഥപ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സി.പി.എം സിറ്റി പൊലീസിൽ പരാതി നൽകി.

ആക്രമികൾ തകർത്ത പയ്യന്നൂർ കോൺഗ്രസ് ഓഫിസായ ഗാന്ധിമന്ദിരം ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു. ഗോദ്സെ ഗാന്ധിജിയെ കൊലപ്പെടുത്തിയതിനേക്കാൾ ഭീകരമാണ് സി.പി.എം പയ്യന്നൂരിൽ ഗാന്ധിപ്രതിമയോട് ചെയ്തതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.

ഗാന്ധിനിന്ദ നടത്തുന്നതിൽ സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവൽപക്ഷികളാണ്. സി.പി.എം എവിടെയും ആക്രമണം നടത്തുമ്പോൾ ആദ്യം തകർക്കുന്നത് ഗാന്ധിപ്രതിമകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യാഗൃഹവും ഡി.സി.സി ഓഫിസും ആക്രമിച്ചെന്നത് കള്ളക്കഥയാണെന്നും കോണ്‍ഗ്രസുകാര്‍തന്നെ ആക്രമണം നടത്തി സി.പി.എമ്മിനെ പഴിചാരുകയാണെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു.

പയ്യന്നൂരിലെ ഗാന്ധിപ്രതിമ തകര്‍ത്തതും സമാനമായ സംഭവങ്ങളും സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടത്തണം. ഡി.സി.സി ഓഫിസില്‍ ഒരുകല്ല് വീണെന്നും മൂന്നാള്‍ക്ക് പരിക്കേറ്റുമെന്നാണ് നൽകിയ മൊഴി. ഇത്തരം കള്ളക്കഥകളുണ്ടാക്കിയ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും യഥാർഥ കുറ്റവാളികളെ പിടികൂടണമെന്നും ജയരാജൻ പറഞ്ഞു.

തളിപ്പറമ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച 60ഓളം യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും കോൺഗ്രസ് മന്ദിരം തകർത്തതിന് സി.പി.എം പ്രവർത്തകരുടെ പേരിലും പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയും സംഘർഷമുണ്ടാക്കുകയും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.

കരിമ്പം കില കാമ്പസിൽ സംഘര്‍ഷമുണ്ടാക്കിയതിനാണ് 60ഓളം യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. എം. സുബൈര്‍, ഷാഹുല്‍ ഹമീദ്, മുഹമ്മദ് അഷ്‌റഫ്, പി.പി. ആഷിഖ്, കെ.പി. നൗഷാദ്, ടി.കെ.പി. ഷുഹൈബ്, പി. അനസ്, കെ.കെ. ജുബൈര്‍, ടി.പി. സയിദ്, വി. രാഹുല്‍, രാഹുല്‍ ദാമോദരന്‍, സി.വി. വരുണ്‍ തുടങ്ങിയവരുൾപ്പെടെ 60ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച കരിമ്പത്തുണ്ടായിരുന്ന പ്രതിഷേധത്തിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ 10ഓളം യു.ഡി.വൈ.എഫ് പ്രവർത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് രാത്രി തളിപ്പറമ്പിൽ കോൺഗ്രസ് മണ്ഡലം-ബ്ലോക്ക് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന കോൺഗ്രസ് മന്ദിരത്തിന് നേരെയും ആക്രമണം നടന്നു.

നാല് കോൺഗ്രസ് ഓഫിസുകൾ തകർത്തു

പയ്യന്നൂർ: തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിന് പിന്നാലെ ചൊവ്വാഴ്ച പുലർച്ചയും പയ്യന്നൂർ മേഖലയിൽ കോൺഗ്രസ് ഓഫിസുകൾക്കുനേരെ ആക്രമണം അരങ്ങേറി. നാല് കോൺഗ്രസ് ഓഫിസുകളും സ്തൂപങ്ങളും പ്രതിമയും അടിച്ചുതകർത്തു. തിങ്കളാഴ്ച രാത്രി, പയ്യന്നൂർ കോർട്ട് റോഡിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസായ ഗാന്ധി മന്ദിരം തകർത്തു.

സംഘടിച്ചെത്തിയ സംഘം മുൻവാതിൽ തകർത്ത് അകത്തുകയറി ഫർണിച്ചർ, ടെലിവിഷൻ, കമ്പ്യൂട്ടർ എന്നിവ അടിച്ചുതകർക്കുകയായിരുന്നു. ജനൽ ഗ്ലാസുകളും വാതിലുകളും തകർത്ത നിലയിലാണ്. ഓഫിസിനുമുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയും തകർത്തു.

ചൊവ്വാഴ്ച പുലർച്ചയോടെയാണ് ദേശീയപാതയിൽ കോത്തായി മുക്കിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസായ ഗാന്ധിഭവൻ തകർത്തത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിന്റെ ഷട്ടറിന്റെ പൂട്ടുതകർത്ത് അകത്തുകയറിയ അക്രമികൾ ഗാന്ധിജി, നെഹ്റു, മറ്റ് ദേശീയ നേതാക്കൾ എന്നിവരുടെ ഫോട്ടോ നിലത്തെറിഞ്ഞുടക്കുകയും ഷെൽഫ് ഉൾപ്പെടെയുള്ള ഫർണിച്ചർ തകർത്ത് കെട്ടിടത്തിനുതാഴേക്ക് എറിയുകയും ചെയ്തു.

ദേശീയപാതയിൽത്തന്നെ കണ്ടോത്ത് പ്രവർത്തിക്കുന്ന പ്രിയദർശിനി മന്ദിരവും തകർത്തു. ഇവിടത്തെ ഫർണിച്ചറെല്ലാം തകർത്ത നിലയിലാണ്. കാറമേൽ പ്രിയദർശിനി യൂത്ത് സെൻറർ ഓഫിസും തകർത്തു. ടെലിവിഷൻ, കസേരകൾ എന്നിവ നശിപ്പിച്ചു. ഷെൽഫിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോയതായി ഭാരവാഹികൾ പരാതിപ്പെട്ടു. കോറോം നോർത്തിൽ രാജീവ് ഗാന്ധി സ്തൂപവും കോൺഗ്രസ് കൊടിമരവും തകർത്തിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് പയ്യന്നൂർ നഗരത്തിൽ നടന്ന പ്രകടനത്തിന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Violence; Case against about 200 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.