കണ്ണൂർ: തൃശൂരിലെ മാലിന്യം കണ്ണൂരിൽ തള്ളിയ പാലക്കാട്ടെ ഏജൻസിക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് 30,000 രൂപ പിഴ ചുമത്തി. കണ്ണൂർ -കൂത്തുപറമ്പ് റോഡിൽ കിഴുത്തള്ളിയിൽ വൻതോതിൽ മാലിന്യം തള്ളിയതിനാണ് പാലക്കാട് പട്ടാമ്പിയിലെ സ്ക്രാപ് വ്യാപാരിക്കെതിരെ നടപടിയെടുത്തത്. തോടിനോട് ചേർന്ന് ഇരുപതോളം ചാക്കുകളിലായി മാലിന്യം തള്ളിയ നിലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അവ മുഴുവൻ തൃശൂർ ജില്ലയിലെ കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിൽനിന്നു ശേഖരിച്ച മാലിന്യം ആണെന്ന് തിരിച്ചറിഞ്ഞു. കുന്നംകുളം ഭാഗത്തെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമായി ഒമ്പത് മേൽവിലാസങ്ങളാണ് പരിശോധന സംഘത്തിന് മാലിന്യക്കെട്ടിൽനിന്ന് ലഭിച്ചത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽനിന്നുള്ള മാലിന്യമാണ് ഭൂരിഭാഗവും എന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആശുപത്രി അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ട് മാലിന്യം കൈമാറിയ ഏജൻസിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. മാലിന്യ ചാക്കിൽനിന്നു കിട്ടിയ രേഖകളിൽ പറയുന്ന ആശുപത്രി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും ആ സ്ഥാപനം മറ്റൊരു മാനേജ്മെന്റ് ഏറ്റെടുത്ത സമയത്തുള്ള മാലിന്യമാണ് ഏജൻസിക്ക് നൽകിയതെന്നും അറിഞ്ഞു. അതനുസരിച്ച് സ്ക്രാപ് ഏജൻസി ഉടമയെ കണ്ണൂർ കോർപറേഷൻ സോണൽ ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും കുറ്റം സമ്മതിച്ചതിനെ തുടർന്ന് മുനിസിപ്പൽ ആക്ട് അനുസരിച്ച് 30,000 രൂപ പിഴ ഈടാക്കുകയുമായിരുന്നു.
സ്ക്വാഡ് ലീഡർ എം. ലജി, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം ശരീകുൽ അൻസാർ, കണ്ണൂർ കോർപറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. അജിത്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.പി. ജയമോഹൻ, എ.ജി. അനിത, കണ്ടിൻജന്റ് ജീവനക്കാരായ കെ.കെ. ഷിജിത്ത്, പി.പി. റിജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.