നായാട്ടുസംഘങ്ങൾ വന്യമൃഗവേട്ട പതിവാക്കിയപ്പോൾ കാട്ടിൽ ഭക്ഷണം കുറഞ്ഞതാണ് പുലികൾ നാട്ടിലേക്കിറങ്ങാൻ കാരണമായതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വനത്തിൽനിന്ന് ഭക്ഷണം തേടിയലഞ്ഞാണ് പുലികളും കാട്ടാനക്കൂട്ടവുമെല്ലാം ജനവാസമേഖലയിലേക്കെത്തിയിട്ടുള്ളത്.
മലയോരമേഖലയിൽ വന്യമൃഗവേട്ടയും വനംകൊള്ളയും വ്യാപകമായതിനു പിന്നാലെയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി പുലിയും കാട്ടാനക്കൂട്ടവും ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയത്. ആനകൾ തെങ്ങുകളും മറ്റു വിളകളുമാണ് ഭക്ഷണത്തിനായി നശിപ്പിക്കുന്നതെങ്കിൽ പുലിയും കടുവയും വളർത്തുമൃഗങ്ങളെയാണ് ഭക്ഷണത്തിനായി കൊല്ലുന്നത്. ഇതിന്റെയെല്ലാം ദുരിതം പേറുന്നത് സാധാരണക്കാരായ കർഷകരാണ്.
വന്യജീവി ആക്രമണം ഭയന്ന് മലമടക്കുകളിൽനിന്ന് ഒട്ടേറെ പേർ കൃഷിഭൂമിയും വീടും വിറ്റ് മറ്റിടങ്ങളിലേക്ക് അഭയം തേടിയ നിരവധി സംഭവങ്ങളും മലയോരഗ്രാമങ്ങളിലുണ്ട്. കാട്ടുപന്നിയും കുരങ്ങുകളും മാത്രമായിരുന്നു രണ്ടു വർഷം മുമ്പുവരെ കർഷകമക്കളെ കണ്ണീര് കുടിപ്പിച്ചതെങ്കിൽ ഇന്നിപ്പോൾ കാട്ടാനക്കൂട്ടവും പുലിയും കടുവയുമെല്ലാം പിന്നാലെയെത്തിയിരിക്കുന്നു.
രാത്രിയിൽ വിവരമറിയിച്ചാൽപോലും വനപാലകർ എത്താറില്ലെന്ന് കർഷകർ പറയുന്നു. എല്ലാം കഴിഞ്ഞശേഷം വനംവകുപ്പിന്റെ പേരിനൊരു തിരച്ചിൽ. നഷ്ടപരിഹാരത്തിനായി നെട്ടോട്ടമോടിയാലും ഫലം നിരാശമാത്രം. വിള നശിപ്പിക്കുന്നതിനു പിന്നാലെ വീട്ടിലെ ആടിനെയും കോഴിയെയും താറാവിനെയും പട്ടിയെയുമെല്ലാം കൊല്ലുന്നത് തുടർക്കഥയായി. മനുഷ്യജീവനുപോലും ഭീഷണിയാണിപ്പോൾ.
ഇനിയെന്തുചെയ്യണമെന്ന് കുടിയേറ്റ മണ്ണിലെ കർഷകജനത കണ്ണീരോടെ ചോദിക്കുന്നു. കാട്ടാനശല്യം തടയാൻ ചിലയിടങ്ങളിലെങ്കിലും സൗരവേലി നിർമാണം പയ്യാവൂരിലെ കർണാടക അതിർത്തിയിൽ തുടങ്ങിയിട്ടുണ്ട്. ഇത് യാഥാർഥ്യമായാൽതന്നെ എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം. സർക്കാർ അടിയന്തര പരിഹാരം കാണുന്നില്ലെങ്കിൽ സ്വപ്നഭൂമിയിൽനിന്ന് കുടിയിറങ്ങേണ്ടിവരുമോയെന്ന സങ്കടത്തിലാണ് അതിർത്തി മലയോരത്തെ ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.