representational image

കൊലവിളി നിലക്കണം; കാട്ടാന പ്രതിരോധത്തിന് 9.60 കോടി

കണ്ണൂർ: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനപ്രതിരോധത്തിന് സമഗ്ര പദ്ധതി നടപ്പാക്കാൻ 9.60 കോടി അനുവദിച്ച് സർക്കാർ ഭരണാനുമതി നൽകി. ആറളത്ത് കാട്ടാന ആക്രമണത്തിൽ കർഷകർ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാറിന്‍റെ അടിയന്തര നടപടി.

റെയിൽ ഫെൻസിങ് സ്ഥാപിക്കാൻ 5.40 കോടി, സൗരോർജ തൂക്കുവേലി സ്ഥാപിക്കാൻ 1.06 കോടി, കൂപ്പ് റോഡും ഗേറ്റും സ്ഥാപിക്കാൻ 1.52 കോടി, ട്രഞ്ച്, ജൈവവേലി, പട്രോളിങ് വാഹനം, വാച്ചർമാരെ നിയോഗിക്കൽ എന്നിവക്കായി 86.62 ലക്ഷം, അടിക്കാട് വെട്ടിത്തെളിക്കാൻ 75.26 ലക്ഷം എന്നിങ്ങനെയാണ് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് അനുവദിച്ചത്.

ആനശല്യം പ്രതിരോധിക്കുന്നത് ചർച്ചചെയ്യാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കലക്ടർ എസ്. ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. കാട്ടാനപ്രതിരോധത്തിനായി വകുപ്പ് നേരത്തേ പൊതുമരാമത്ത് വകുപ്പിന് നൽകിയ 11 കോടിയിൽനിന്നാണ് 5.40 കോടി രൂപ റെയിൽ ഫെൻസിങ്ങിനായി വകയിരുത്തിയത്.

റെയിൽ ഫെൻസിങ് പ്രവൃത്തി പൊതുമരാമത്ത് വകുപ്പാണ് നിർവഹിക്കുക. സൗരോർജ തൂക്കുവേലിക്കായി 1,06,06,700 രൂപയാണ് അനുവദിച്ചിരിക്കുന്നത്. 86.62 ലക്ഷം ഉപയോഗിച്ച് വിവിധ പ്രവൃത്തികളാണ് നടപ്പാക്കുക. ട്രഞ്ച് അറ്റകുറ്റപ്പണി 3.55 കിലോമീറ്ററിൽ നടത്തും. ഇതിനായി 6.79 ലക്ഷം അനുവദിച്ചു.

അഞ്ചു മീറ്റർ വീതിയിൽ 10.5 കിലോമീറ്ററിൽ അഞ്ചു ഹെക്ടറിലാണ് ജൈവവേലി സ്ഥാപിക്കുക. ഇതിന് 19 ലക്ഷം രൂപ അനുവദിച്ചു. പട്രോളിങ് വാഹനം വാങ്ങാനും അറ്റകുറ്റപ്പണിക്കും ഉൾപ്പെടെ 21.50 ലക്ഷവും പട്രോളിങ്ങിന് ഗോത്രവർഗ വിഭാഗത്തിലെ 20 വാച്ചർമാരെ നിയോഗിക്കാൻ 36.90 ലക്ഷവും മുൻകൂർ അറിയിപ്പ് സംവിധാനത്തിന് 1,59,600 രൂപയും ബോധവത്കരണത്തിനും പരിശീലനത്തിനും 84,000 രൂപയും അനുവദിച്ചു.

വലിയ മരങ്ങൾ മുറിക്കാതെ അടിക്കാട് മാത്രം തെളിയിക്കാൻ അനുവദിച്ച 75.26 ലക്ഷത്തിന്റെ പ്രവൃത്തിക്ക് ഗോത്രവർഗ വിഭാഗത്തിൽപെട്ടവരെ നിയോഗിക്കണമെന്നാണ് വ്യവസ്ഥ.

അടിക്കാട് വെട്ടിത്തെളിക്കൽ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ടെൻഡർ വിളിച്ച് മറ്റു പ്രവൃത്തികൾ തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടർ അറിയിച്ചു. സൗരോർജ തൂക്കുവേലിയുടെ അലൈൻമെൻറ് ഒക്‌ടോബർ 27നുമുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം. കൂപ്പ് റോഡിന്റെ നിർമാണം ആരംഭിക്കാൻ തീരുമാനിച്ചു.

ആനമതിൽ നിർമിക്കണമെന്ന് നിർദേശം

താൽക്കാലിക നടപടികൾക്കു പകരം ആന ശല്യത്തിന് ശാശ്വത പരിഹാരമായി ആനമതിൽ നിർമിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ് എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ കലക്ടറെ ചുമതലപ്പെടുത്തി.

Tags:    
News Summary - wild elephant menace-9.60 crore for protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.