തളിപ്പറമ്പ്: തളിപ്പറമ്പ് നാടുകാണിയിൽ മൃഗശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി എം.വി. ഗോവിന്ദൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്ലാന്റേഷൻ കോർപറേഷന്റെ കീഴിൽ ആലക്കോട് റോഡിലെ നാടുകാണി എസ്റ്റേറ്റിലാണ് മൃഗശാല ആരംഭിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഇതിന്റെ പ്രാരംഭ പരിശോധനയ്ക്കായി എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന മ്യൂസിയം മൃഗശാല ഡയറക്ടർ അമ്പു ശിവദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം തിങ്കളാഴ്ച രാവിലെ നാടുകാണി എസ്റ്റേറ്റ് സന്ദർശിച്ചു.
നാടുകാണിയിൽ 250 ഏക്കറിലധികം സ്ഥലത്താണ് പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റ് ഉള്ളത്. കറപ്പ, കശുമാവ് തുടങ്ങിയവയാണ് നിലവിൽ ഇവിടെ കൃഷി. ഇതിൽ 180 ഏക്കർ സ്ഥലത്താണ് മൃഗശാല പരിഗണിക്കുന്നത്.
മൃഗങ്ങൾ തുറസ്സായ സ്ഥലത്ത് സഞ്ചരിക്കുമ്പോൾ ജനങ്ങൾക്ക് പ്രത്യേകം വാഹനങ്ങളിൽ സഞ്ചരിച്ച് ഇവയെ കാണുന്ന രീതിയിലുള്ള മൃഗശാലയാണ് ഇവിടെ പരിഗണിക്കുന്നത്. മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഉടൻ തന്നെ ഇതിന്റെ ഡി.പി.ആർ തയ്യാറുക്കുമെന്നും മറ്റ് തടസങ്ങൾ മുന്നിലില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.ഇതിന്റെ ആദ്യഘട്ടമായാണ് എം.എൽ.എയുടെ നിർദേശ പ്രകാരം സ്ഥല പരിശോധന നടത്തിയത്. വെള്ള കെട്ടില്ലാത്തതും പ്രകൃതി ദുരന്ത സാധ്യതയില്ലാത്തതുമായ സ്ഥലമാണ് മൃഗശാലകൾക്ക് പരിഗണിക്കുന്നത്. നാടുകാണിയിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ല. സ്ഥലം അനുയോജ്യമാണെന്ന് സംഘം കണ്ടെത്തി ഇനി സൂ അതോറിറ്റിക്ക് അപേക്ഷ നൽകും.
ഇതോടൊപ്പം ബോട്ടണിക്കൽ ഗാർഡൻ, മ്യൂസിയം എന്നിവയും ആരംഭിക്കും. നിർമാണം പൂർത്തിയായാൽ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയായിരിക്കും നാടുകാണിയിലേതെന്ന് എം.എൽ.എ പറഞ്ഞു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, എം.എൽ.എ പ്രതിനിധി കെ. സന്തോഷ്, ചപ്പരപ്പടവ് പഞ്ചായത്തംഗം കെ.വി. രാഘവൻ എന്നിവരും നാടുകാണിയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.