കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ പിഴവ്. മൂക്കിന്റെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ യുവതിയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടമായി. അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്‌ന (30) യുടെ കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി.
ഒക്ടോബർ 24-നായിരുന്നു ശസ്ത്രക്രിയ. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം കണ്ണിന് മങ്ങൽ വന്നിട്ടുണ്ടെന്ന് രസ്‌ന അപ്പോൾത്തന്നെ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തി. നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസത്തിനുള്ളിൽ ശരിയാകുമെന്നും ഡോക്ടർമാർ പറഞ്ഞു. വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നുതുടുത്തതോടെ ഡോക്ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതായി മനസിലായി. ഉടനെ ചികിത്സ നൽകണമെന്നും നേത്രചികിത്സാ വിദഗ്ധർ നിര്‍ദേശിച്ചു. വീണ്ടും മെഡിക്കൽ കോളജിലെത്തിയപ്പോൾ രക്തം കട്ട പിടിച്ചത് അലിയിക്കാൻ കുത്തിവെപ്പെടുത്തു. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞത്.
പിറ്റേന്ന് രാത്രിയായിട്ടും മാറ്റമില്ലാതായതോടെ ഡിസ്ചാർജ് ചെയ്ത് കോയമ്പത്തൂർ കണ്ണാസ്പത്രിയിലെത്തി പരിശോധിച്ചു. അപ്പോഴാണ് വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി മനസ്സിലായത്. ചികിത്സിച്ച് പഴയ രൂപത്തിലാക്കാൻ കഴിയില്ലെന്നും വലതുമൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.