തൃക്കരിപ്പൂർ: തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് പാത്രവുമായി അലഞ്ഞ നായ്ക്ക് സുമനസ്സുകളുടെ സഹായത്താൽ മോചനം. കടുത്ത ചൂടിൽ ദാഹിച്ചും വിശന്നും വലഞ്ഞ നായാണ് ദുരിതത്തിലായത്.
റെയിൽവേ ട്രാക്കിലൂടെ ഓടിയ നായെ കണ്ട തൃക്കരിപ്പൂർ ടൗണിലെ കൃഷ്ണപ്രസാദ് വൈദ്യരാണ് രക്ഷപ്പെടുത്താൻ മുൻകൈയെടുത്തത്. അദ്ദേഹം നായെ പിന്തുടരുകയും അഗ്നിസുരക്ഷ സേനക്ക് വിവരം നൽകുകയും ചെയ്തു.
പേക്കടം, വടക്കെകൊവ്വൽ പ്രദേശങ്ങളിൽ അലഞ്ഞ നായെ പിടികൂടി രക്ഷപ്പെടുത്താൻ വലയുമായി അഗ്നിസുരക്ഷ നിലയം ജീവനക്കാരും സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി.
പ്രസാദും സുഹൃത്തുക്കളും ഇതിനിടയിൽ വടക്കെ കൊവ്വലിലെ വീട്ടുപറമ്പിലേക്ക് നായെ ഓടിച്ചുകയറ്റി അവിടെ ഉണ്ടായിരുന്ന വലയിൽ കുരുക്കി. ഉടൻ എല്ലാവരും ചേർന്ന് നായെ ചാക്കിലേക്ക് കയറ്റി. എന്നിട്ടും കുതറിയ നായുടെ തലയിൽനിന്ന് പ്രസാദ് പ്ലാസ്റ്റിക് പാത്രം വലിച്ചൂരുകയായിരുന്നു.
വെള്ളവും ആഹാരവും നൽകിയാണ് നായെ തുറന്നുവിട്ടത്. രമേശൻ കർണാടക, അയ്യൂബ് ലൈഫ് കെയർ, ഡോ. ശിഹാബ്, കുഞ്ഞിമൊയ്തീൻ, ഹോട്ടൽ ശിഹാബ് എന്നിവരും വൈദ്യർക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.