ചെറുവത്തൂർ: പ്രതിഷേധം ഫലംകണ്ടു, ഓണാവധിക്കുശേഷം വിദ്യാലയം തുറന്നയുടൻ നടക്കാനിരിക്കുന്ന മേളകൾക്കായി വിദ്യാർഥികൾ ഒരുക്കം നടത്തുന്നതിനിടെയാണ് മേളകളുടെ നടത്തിപ്പ് മാന്വൽ മൂന്നുദിവസം മുമ്പ് പരിഷ്കരിച്ചതായി ഉത്തരവിറങ്ങിയത്.
ദിവസങ്ങളായി പരിശീലനം നേടിയ പല മത്സരങ്ങളും ഒഴിവാക്കിയപ്പോൾ തീരെ പരിചിതമില്ലാത്തവ കടന്നുകൂടുകയും ചെയ്തു. എൽ.പി, യു.പി വിഭാഗങ്ങളിൽ പനയോല കൊണ്ടുള്ള ഉൽപന്നങ്ങൾ, വോളിബാൾ / ബാഡ്മിന്റൺ നെറ്റ് നിർമാണം, ചോക്ക് നിർമാണം എന്നിവയാണ് ഒഴിവാക്കിയത്. പകരം ഒറിഗാമി, പോട്ടറി പെയിന്റിങ്, പോസ്റ്റർ ഡിസൈൻ എന്നിവ കൂട്ടിച്ചേർത്തു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവക്ക് ചന്ദനത്തിരി നിർമാണം, പ്ലാസ്റ്റർ ഓഫ് പാരീസ് ഉൽപന്നം, പനയോല, തഴയോല, കുട നിർമാണം, വോളിബാൾ നെറ്റ് നിർമാണം, ചോക്ക് നിർമാണം എന്നിവയാണ് ഒഴിവാക്കിയത്.
പകരം വിവിധ തരം കാരി ബാഗുകളുടെ നിർമാണം, ഫൈബർ ഫാബ്രിക്കേഷൻ, നൂതനാശയ പ്രവർത്തന മോഡൽ, ലോഹത്തകിടിൽ ദ്വിമാന രൂപ ചിത്രീകരണം, പോസ്റ്റർ ഡിസൈനിങ്, പോട്ടറി പെയിന്റിങ്, കവുങ്ങിൻ പാള കൊണ്ടുള്ള ഉൽപന്നങ്ങൾ, ചൂരൽ കൊണ്ടുള്ള ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുത്തി.
എന്നാൽ, ഇത്തവണകൂടി മുൻ വിഷയങ്ങളിലെല്ലാം മത്സരിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ലഭിക്കും. ഈ വർഷം കൂടി പഴയ രീതിയിൽ നടത്തി അടുത്ത വർഷം മുതൽ പുതിയ മാന്വൽ പ്രകാരം ശാസ്ത്രമേളകൾ നടത്തിയാൽ മതിയെന്ന പുതിയ തീരുമാനത്തിൽ രക്ഷിതാക്കൾക്കൊപ്പം അധ്യാപകരും സന്തോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.