ചെറുവത്തൂർ: ചെറുവത്തൂർ വി.വി സ്മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആന്റിബയോട്ടിക്കുകൾ ഇനി നീല കവറുകളിൽ.
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച എ.എം.ആർ കാമ്പയിനിന്റെ ഭാഗമായി ഇത്തരം മരുന്നുകളുടെ പ്രതിരോധം തടയുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും ഈ മരുന്നുകൾ വിതരണം ചെയ്യാൻ ബോധവത്കരണ നിർദേശങ്ങൾ അടങ്ങിയ പ്രത്യേകം തയാറാക്കിയ നീല കവറിലായിരിക്കും മരുന്നുകൾ ഇനിമുതൽ ചെറുവത്തൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് രോഗികൾക്ക് നൽകുക. ഇത്തരം കളർ കോഡിലുള്ള കവറിലൂടെ വിതരണം ചെയ്താൽ രോഗികൾക്ക് ആന്റി ബയോട്ടിക് മരുന്ന് പെട്ടെന്ന് തിരിച്ചറിയാനും അതിലൂടെ ഈ മരുന്നിന്റെ ദുരുപയോഗം തടയാനും സാധിക്കും. ആന്റി ബയോട്ടിക് സാക്ഷരകേരളം പദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ എല്ല മേഖലയിലുള്ളവർക്കും ആന്റി ബയോട്ടിക്കുകളെ പറ്റിയുള്ള ശരിയായ അവബോധത്തിന് സംസ്ഥാനമൊട്ടാകെ നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി നടന്നുവരുകയാണ്.
അതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ആദ്യമായി ജില്ലതലത്തിലും ബ്ലോക്ക് തലത്തിലും എ.എം.ആർ കമ്മിറ്റികൾ രൂപവത്കരിച്ചതും ആന്റി ബയോട്ടിക് സ്മാർട്ട് ആശുപത്രികൾ കേരളത്തിൽ തുടങ്ങിയതും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ. അനിൽകുമാർ അധ്യക്ഷതവഹിച്ചു.
കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. രാജ്മോഹൻ, ഫാർമസിസ്റ്റ് എം. ഷബാന, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷീബ, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. മധു, ഹെഡ് നഴ്സ് വിമൽ രാജൻ, സീനിയർ ക്ലർക്ക് കെ. പവിത്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.