കാഞ്ഞങ്ങാട്: ഹോസ്ദുർഗിലെ സർക്കാർ അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് വിദ്യാർഥികൾ ആശുപത്രിയിൽ. ആശുപത്രിക്ക് തൊട്ടടുത്ത ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെയാണ് അസ്വസ്ഥതയും ശ്വാസതടസ്സവുമായി കൂട്ടത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അമ്പതോളം വിദ്യാർഥികൾ ജില്ല ആശുപത്രിയിലും അമ്മയും കുഞ്ഞും ആശുപത്രിയിലുമായി ചികിത്സതേടി. ചിലരുടെ ആരോഗ്യനില രാത്രിയോടെ വീണ്ടും വഷളായി. ഒരുകുട്ടിയെ രാത്രി മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടി സ്വകാര്യ ആശുപത്രിയിലാണ്. ആറ് കുട്ടികൾ ജില്ല ആശുപത്രിയിലുമുണ്ട്. ആശുപത്രി വിട്ട് വീട്ടിലെത്തിയ കുട്ടികൾക്ക് വീണ്ടും ശ്വാസതടസ്സമുണ്ടായതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിലെത്തിച്ചത്.
വ്യാഴാഴ്ച രാവിലെ 11.30ഓടെ ക്ലാസ് മുറിയിൽ ശാരീരിക അസ്വസ്ഥതകളനുഭവപ്പെട്ട ഏതാനും കുട്ടികളെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ കൂടുതൽ കുട്ടികൾ അസ്വസ്ഥരാവുകയും ചിലർ കുഴഞ്ഞുവീഴുകയും ചെയ്തു. സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന്, മണിക്കൂറുകളോളം പരിഭ്രാന്തിയുടെ സമയമായിരുന്നു. പ്ലസ് വൺ, പ്ലസ് ടു, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. സ്കൂളിന്റെ മതിലിനപ്പുറമുളള ആശുപത്രിവളപ്പിൽ സ്ഥാപിച്ച 164 കിലോ വാട്ടിന്റെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചാണ് കുട്ടികൾ ആശുപത്രിയിലായത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇത് ഇവിടെ സ്ഥാപിച്ചതെന്നാണ് സ്കൂളുമായി ബന്ധപ്പെട്ടവർ പറഞ്ഞത്. തകരാറുള്ള ജനറേറ്ററാണിതെന്ന് വ്യക്തമായിട്ടുണ്ട്.
രാവിലെ വൈദ്യുതിയില്ലാത്തതിനാൽ ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ജനറേറ്ററിൽനിന്നുള്ള പുക ക്ലാസ് മുറിയിലെത്തിയതോടെയാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്നമുണ്ടായതെന്ന് പി.ടി.എ പ്രസിഡന്റ് ബഷീർ ആറങ്ങാടി പറഞ്ഞു. ആശുപത്രിയുടെ വലിയ ജനറേറ്ററിൽനിന്നുള്ള പുക മുകളിലേക്ക് കടത്തിവിടാൻ സംവിധാനമൊരുക്കുന്നതിനുപകരം പുകപടലം സ്കൂൾ കോമ്പൗണ്ടിലേക്കെത്തുന്നത് ഭീഷണിയാകുന്നതായി സ്കൂൾ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വൈകീട്ടോടുകൂടി മിക്ക വിദ്യാർഥികൾക്കും ആശുപത്രി വിടാനായി. ആശുപത്രിയിലേക്കും സ്കൂളിലേക്കും ആളുകൾ കൂട്ടത്തോടെയെത്തിയപ്പോൾ പുതിയകോട്ടയിൽ ഗതാഗതസ്തംഭനവുമുണ്ടായി. ഇത് ഏറെനേരം നീണ്ടു.
കാഞ്ഞങ്ങാട്: ശാരീരികാസ്വസ്ഥതകളുമായി വിദ്യാർഥികൾ ആശുപത്രിയിലായ സംഭവത്തിൽ അന്വേഷണത്തിന് കലക്ടർ കെ. ഇമ്പശേഖർ ഉത്തരവിട്ടു. കുട്ടികൾക്ക് അമ്മയും കുഞ്ഞും ആശുപത്രി, ജില്ല ആശുപത്രി എന്നിവിടങ്ങളിൽ പ്രാഥമിക ചികിത്സ നൽകിയതായി ജില്ല ഭരണകൂടം അറിയിച്ചു. നിലവിൽ ആർക്കും കൂടുതൽ പ്രശ്നങ്ങളില്ല. സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് എന്നിവർ ആശുപത്രിയിലെത്തി ചികിത്സാസൗകര്യങ്ങൾ ഉറപ്പുവരുത്തി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സബ് കലക്ടറെയാണ് ചുമതലപ്പെടുത്തിയത്.
കാഞ്ഞങ്ങാട്: ജനറേറ്ററിൽനിന്നുണ്ടായ പുക ശ്വസിച്ച് ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ലിറ്റിൽ ഫ്ലവർ സ്കൂളിലെ അമ്പതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഞെട്ടലുളവാക്കുന്നതാണ്. ഇത് ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും കുറ്റകരമായ അനാസ്ഥയും വീഴ്ചയുമാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.
പുകക്കുഴൽ കാര്യക്ഷമമല്ലാത്തതും അറ്റകുറ്റപ്പണി നടത്താത്തതുമായ ജനറേറ്ററാണ് ആശുപത്രിയിൽ ഉപയോഗിക്കുന്നത്. ഇതിനെതിരെ തൊട്ടടുത്തുള്ള ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക പരാതി നൽകിയിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അധികൃതർ. ഇത് സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും പരാജയമാണ് വെളിവാക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്: ലിറ്റിൽ ഫ്ലവർ സ്കൂളിലെ അമ്പതോളം വിദ്യാർഥികൾ അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽനിന്നുയർന്ന പുക ശ്വസിച്ച് ആശുപത്രിയിലായതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ നഗരസഭ മാർച്ചിൽ സംഘർഷം. നഗരസഭയുടെ വാതിലിന്റെ ഗ്ലാസ് തകർന്നു. കുട്ടികൾ ആശുപത്രിയിലായതിന്റെ ഉത്തരവാദി നഗരസഭയെന്നാരോപിച്ചായിരുന്നു മാർച്ച്.
നഗരസഭ കോമ്പൗണ്ടിനകത്ത് പ്രതിഷേധക്കാർ കയറിയപ്പോൾ അകത്തുനിന്ന് വാതിലടക്കാൻ ശ്രമമുണ്ടായി. തുടർന്ന് ഉന്തും തള്ളുമായി. ഇതിനിടയിലാണ് പ്രധാന വാതിലിന്റെ ഗ്ലാസ് തകർന്നത്. ഒടുവിൽ, സമരക്കാരെ പൊലീസ് നീക്കുകയായിരുന്നു. നഗരസഭയിലേക്ക് തള്ളിക്കയറാനല്ല തങ്ങൾ ശ്രമിച്ചതെന്നും ഭരണപക്ഷ കൗൺസിലർമാർ അകത്തുനിന്ന് വാതിലടക്കാൻ ശ്രമിച്ചതാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നഗരസഭയുടെ പ്രധാന കവാടത്തിന്റെ ഗ്ലാസ് തകർത്തെന്ന പരാതിയിൽ കോൺഗ്രസ്, മുസ് ലിം ലീഗ് നേതാക്കൾ ഉൾപ്പെടെ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.
മുസ് ലിം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്ത് കേസിൽ ഒന്നാം പ്രതിയാണ്. ഡി.സി.സി നേതാക്കളായ ബി. പ്രദീപ് കുമാർ, പി.വി. സുരേഷ്, എം.പി. ജാഫർ, ബദറു, ഹരീഷ്, മറ്റ് കണ്ടാലറിയാവുന്ന 44പേർക്കെതിരെയുമാണ് കേസ്. നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.