കാഞ്ഞങ്ങാട്: പൊലീസിന്റെ വ്യാപക പരിശോധനയിൽ നാലിടത്തുനിന്ന് എം.ഡി.എം.എ പിടികൂടി. രണ്ട് കാഞ്ഞങ്ങാട് സ്വദേശികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. വാഹനവും പണവും പിടിച്ചു. മഞ്ചേശ്വരത്തുനിന്ന് പിടിയിലായ കാഞ്ഞങ്ങാട് സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.
അജാനൂർ കൊളവയൽ ഇട്ടമ്മലിലെ പുതിയപുരയിൽ പി.പി. നിസാമുദ്ദീനെയാണ് (35) മഞ്ചേശ്വരം എസ്.ഐ കെ.ജി. രതീഷും സംഘവും അറസ്റ്റ് ചെയ്തത്. 72.73 ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് പൊലീസ് കണ്ടെത്തി. തലപ്പാടിയിൽനിന്ന് ബുധനാഴ്ച ഉച്ചക്കാണ് പ്രതിയെ പിടികൂടിയത്. കാഞ്ഞങ്ങാട്ടേക്ക് ചില്ലറവിൽപനക്ക് കൊണ്ടുവരുകയായിരുന്നു മയക്കുമരുന്നെന്നാണ് സൂചന.
മറ്റൊരു സംഭത്തിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കല്ലൂരാവി മുറിയനാവിയിലെ ഷാജഹാനാണ് (41) അറസ്റ്റിലായത്. 2.940 ഗ്രാം എം.ഡി.എം.എ യുവാവിൽ നിന്ന് പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി 11.30ന് മുറിയനാവിയിൽനിന്നുമാണ് സ്കൂട്ടറിൽ വിൽപനക്ക് കൊണ്ടുപോവുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്.
ഹോസ്ദുർഗ് എസ്.ഐ കെ. അനുരൂപിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. സ്കൂട്ടറിൽ കടത്തുകയായിരുന്ന 30.22 ഗ്രാം എം.ഡി.എം.എയുമായി മുളിയാർ മാസ്തികുണ്ടിലെ അഷ്റഫ് അഹമ്മദ് അബ്ദുല്ല ഷേഖിനെ 44 കാസർകോട് ടൗൺ പൊലീസ് ഇൻസ്പെക്ടർ പി. നളിനാക്ഷന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി ആർ.ഡി നഗറിൽ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. ഉളിയത്തടുത്ത ഭാഗത്തേക്ക് പോവുകയായിരുന്ന താൽക്കാലിക രജിസ്ട്രേഷനിലുള്ള സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധന നടത്തിയപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
സ്കൂട്ടറും 13,300 രൂപയും കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ ഇ. അനൂപ് കുമാറും സംഘവും മീഞ്ച, ശ്യാമപദവിലെ ചെങ്കൽ ക്വാറിയിലെ കുറ്റിക്കാട്ടിൽ നടത്തിയ പരിശോധനയിൽ 22 ഗ്രാം എം.ഡി.എം.എ പിടികൂടി. മയക്കുമരുന്ന് വിൽപനക്കായി കുഴിച്ചിട്ടനിലയിലായിരുന്നു.
ഒളിപ്പിച്ചുവെച്ച ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പൊലീസ് സംഘത്തിൽ എസ്.ഐമാരായ രതീഷ്ഗോപി, കെ.ആർ. ഉമേശ്, പൊലീസുകാരായ സജിത്ത്, വിജിൻ, സന്ദീപ് എന്നിവരുമുണ്ടായിരുന്നു.
പുതുവത്സരാഘോഷത്തിനായി അതിർത്തികടന്ന് മയക്കുമരുന്ന് എത്താൻ സാധ്യതയുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക പരിശോധന ആരംഭിച്ചതിലാണ് മണിക്കൂറുകളുടെ ഇടവേളയിൽ പ്രതികൾ കുടുങ്ങിയത്. ഓപറേഷൻ ന്യൂ ഇയർ ഹണ്ട് എന്ന് പേരിട്ടായിരുന്നു പരിശോധന. ഒളിവിലുള്ള വാറന്റ് പ്രതികളെ പിടികൂടുന്നതിനും ബുധനാഴ്ച രാവിലെ വിവിധ ഇടങ്ങളിൽ പരിശോധന നടന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന നിരവധിപേരും പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.